ന്യൂഡൽഹി : ഉത്സവ സീസണിനോട് അനുബന്ധിച്ച് രാജ്യത്തെമ്പാടുമുള്ള യാത്രക്കാർക്ക് വമ്പൻ ഓഫറുമായി റെയിൽവേ. ടിക്കറ്റ് നിരക്കിൽ 20 ശതമാനം വരെ ഇളവാണ് റെയിൽവേ വാഗ്ദാനം ചെയ്യുന്നത്. ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേ മന്ത്രാലയം ശനിയാഴ്ച പുതിയ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ഈ ഇളവുകൾക്ക് ചില നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.
ഒക്ടോബർ 13 നും ഒക്ടോബർ 26 നും ഇടയിൽ യാത്ര ചെയ്ത് നവംബർ 17 നും ഡിസംബർ 1 നും ഇടയിൽ അതേ ട്രെയിനിൽ തിരികെ മടങ്ങുന്ന യാത്രക്കാർക്ക് റിട്ടേൺ ടിക്കറ്റ് നിരക്കിൽ ആണ് 20% കിഴിവ് ലഭിക്കുക. ഓഗസ്റ്റ് 14 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ കിഴിവ് ബാധകമാകുക. ദീപാവലിയോട് അനുബന്ധിച്ചുള്ള അവധിക്കാലത്തിനായി യാത്ര ചെയ്യുന്നവർക്കാണ് ഈ കിഴിവുകൾ ഉപകാരപ്രദമാവുക.
അതേസമയം രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ ഫ്ലെക്സി ഫെയർ ട്രെയിനുകളിൽ ഈ കിഴിവ് ബാധകമാകില്ല എന്നും റെയിൽവേ അറിയിച്ചു. രണ്ട് ദിശകളിലേക്കുമുള്ള സ്ഥിരീകരിച്ച ടിക്കറ്റുകൾക്ക് മാത്രമേ സാധുതയുള്ളൂവെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. മടക്കയാത്രയുടെ അടിസ്ഥാന നിരക്കിൽ മാത്രമേ ആകെ 20 ശതമാനം കിഴിവ് നൽകൂ. പദ്ധതി പ്രകാരം, മുന്നോട്ടുള്ള യാത്രയിലും തിരിച്ചുവരുന്ന യാത്രയിലും യാത്രാ ക്ലാസും ആരംഭ-ലക്ഷ്യസ്ഥാനവും ഒരുപോലെയായിരിക്കണം എന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post