ന്യൂഡൽഹി : ഡൽഹിയിലെ ആർഎസ്എസിന്റെ പുതിയ ഓഫീസ് സന്ദർശിച്ച് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കഴിഞ്ഞദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം 45 മിനിറ്റോളം ആണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. ഇന്ന് ആർഎസ്എസ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയതോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങൾ പുറത്തുവരികയാണ്.
വരാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി വെങ്കയ്യ നായിഡു മത്സരിച്ചേക്കും എന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. ഉപരാഷ്ട്രപതിയെയും ബിജെപി ദേശീയ അധ്യക്ഷനെയും തിരഞ്ഞെടുക്കാനുള്ള ബിജെപിയുടെ തയ്യാറെടുപ്പുകൾക്കിടയിൽ നിരവധി നിർണായക ചർച്ചകൾ നടക്കുന്നുണ്ട്. മുൻ ഉപരാഷ്ട്രപതി കൂടിയായ നായിഡു ഈ ചർച്ചകളിൽ സജീവമായിട്ടുള്ളതാണ് ഊഹോപോഹങ്ങൾക്ക് കാരണമായിരിക്കുന്നത്.
ഡൽഹിയിലെ ദേശ് ബന്ധു ഗുപ്ത റോഡിൽ പുതുതായി നിർമ്മിച്ച ആർഎസ്എസ് ഓഫീസിൽ ആണ് ഇന്ന് വെങ്കയ്യ നായിഡു സന്ദർശനം നടത്തിയത്. ഒരു മണിക്കൂറിൽ അധികം സമയം ഈ ഓഫീസിൽ ചെലവഴിച്ച നായിഡു നിരവധി പ്രധാന സംഘ നേതാക്കളുമായി ചർച്ചകൾ നടത്തി. ഞായറാഴ്ച വൈകുന്നേരം ബിജെപി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി (സംഘടനാകാര്യ) ശിവപ്രകാശ് വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി ദീർഘനേരം ചർച്ച നടത്തിയതും അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്.









Discussion about this post