ന്യൂഡൽഹി : അമേരിക്കൻ സന്ദർശനത്തിനിടയിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ ആർമി ചീഫ് അസിം മുനീർ നടത്തിയ ആണവ ഭീഷണിയെ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി അപലപിച്ചു. ഒരു തെരുവ് ഗുണ്ടയെ പോലെയാണ് അസിം മുനീർ സംസാരിക്കുന്നത്. ഇന്ത്യയും അമേരിക്കയും നിലവിൽ തന്ത്രപരമായ പങ്കാളികളാണ്. അതിനാൽ തന്നെ അമേരിക്കയുടെ മണ്ണിൽ വച്ച് അസിം മുനീർ നടത്തിയ ഇത്തരമൊരു പ്രസ്താവന ഒരു ഇന്ത്യക്കാർക്കും അംഗീകരിക്കാൻ കഴിയില്ല എന്നും ഒവൈസി വ്യക്തമാക്കി.
എല്ലാ ഭീഷണികളെയും നേരിടാൻ ഇന്ത്യ തങ്ങളുടെ സായുധ സേനയെ നവീകരിക്കേണ്ടതുണ്ടെന്നും എഐഎംഐഎം മേധാവി പറഞ്ഞു. മോദി സർക്കാർ പ്രതിരോധത്തിനുള്ള ബജറ്റ് വിഹിതം കൂടുതൽ വർദ്ധിപ്പിക്കണം. പാകിസ്താൻ ആർമിയിൽ നിന്നും അവരുടെ ഉന്നത അധികാരികളിൽ നിന്നുമുള്ള നിരന്തരമായ ഭീഷണി കണക്കിലെടുത്ത്, നമുക്ക് തയ്യാറാകാൻ കഴിയുന്ന തരത്തിൽ നമ്മുടെ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും എല്ലാ ഇന്ത്യക്കാരും മനസ്സിലാക്കേണ്ടതുണ്ട് എന്നും ഒവൈസി പ്രതികരിച്ചു.
അസിം മുനീറിന്റെ പ്രസ്താവനക്കെതിരെ മോദി സർക്കാർ രാഷ്ട്രീയ പ്രതികരണം നടത്തണമെന്നും ഒവൈസി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പ്രതിഷേധം അറിയിക്കണമെന്നും വിഷയം അമേരിക്കയിൽ ശക്തമായി ഉന്നയിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post