എറണാകുളം : കോതമംഗലത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി സോന എൽദോസിന്റെ കുടുംബത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മതം മാറാനുള്ള ആൺ സുഹൃത്തിന്റെ നിർബന്ധത്തെ തുടർന്നുള്ള മനോവിഷമത്തിലാണ് സോന എൽദോസ് ആത്മഹത്യ ചെയ്തിരുന്നത്. സോനയുടെ അമ്മയും സഹോദരനുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സുരേഷ് ഗോപി കോതമംഗലത്ത് സോനയുടെ വീട്ടിൽ എത്തിയത്.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീ പ്രീതി മേരിയുടെ കുടുംബവുമായായിരുന്നു സുരേഷ് ഗോപി ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇരുസ്ഥലങ്ങളിലും വച്ച് സുരേഷ് ഗോപിയും മാധ്യമങ്ങളോട് പ്രതികരിച്ചില്ല എന്നുള്ളത് ശ്രദ്ധേയമായി. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് സുരേഷ് ഗോപി ഇടപെട്ടിരുന്നുവെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ എം വി ബൈജു മാധ്യമങ്ങളോട് വ്യക്തമാക്കി.
കന്യാസ്ത്രീമാരുടെ പേരിലുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് സുരേഷ് ഗോപിയോട് തങ്ങൾ ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അദ്ദേഹത്തിന് പരിമിതികൾ ഉള്ളതായി വ്യക്തമാക്കി എന്നും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ അറിയിച്ചു. സർക്കാരുമായിട്ടാണ് സംസാരിക്കാം എന്ന് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ടെന്നും ബൈജു വ്യക്തമാക്കി.
Discussion about this post