ന്യൂഡൽഹി : രാജ്യം ഇന്ന് വിഭജന ഭീകരത ഓർമ്മ ദിനം ആചരിക്കുകയാണ്. 1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് ഇന്ത്യാവിഭജനം എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയെയും പാകിസ്താനെയും രണ്ട് രാജ്യങ്ങളായി വിഭജിച്ചത് കൂടാതെ ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ, പഞ്ചാബ് പ്രവിശ്യകളിലും വിഭജനം നടന്നു. പഞ്ചാബ് പ്രവിശ്യ പൂർവ്വപഞ്ചാബ്, പശ്ചിമപഞ്ചാബ് എന്നിങ്ങനെ വിഭജിക്കുകയും പൂർവ്വപഞ്ചാബ് ഇന്ത്യയുടെയും പശ്ചിമപഞ്ചാബ് പാകിസ്താന്റേയും ഭാഗമാകുകയും ചെയ്തു. ബംഗാളിനെ പൂർവ്വബംഗാൾ, പശ്ചിമബംഗാൾ എന്നിങ്ങനെ വിഭജിക്കുകയും പൂർവ്വബംഗാൾ പാകിസ്താനോടും പശ്ചിമബംഗാൾ ഇന്ത്യയോടും ചേർക്കുകയും ചെയ്തു. 1956 മുതൽ കിഴക്കൻ പാകിസ്താൻ എന്ന പേരിലാണ് പൂർവ്വബംഗാൾ അറിയപ്പെട്ടിരുന്നത്. 1971-ൽ പാകിസ്താനിൽ നിന്നും വിഘടിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി.
ഈ വിഭജനത്തിന്റെ ഫലമായി പുതിയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിൽ കലഹം ഉടലെടുക്കുകയും ഏകദേശം ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്നും നിലനിൽക്കുന്ന അസ്വസ്ഥതകൾക്കും സംഘർഷങ്ങൾക്കും കാരണം ഈ വിഭജനമായിരുന്നു. ഇന്ത്യാ വിഭജനത്തിനായി ബ്രിട്ടൻ കാണിച്ച തിടുക്കം മൂലം നിരപരാധികളും നിരാലംബരുമായ നിരവധി പേർക്ക് പാലായനം ചെയ്യേണ്ടി വരികയും അനേകം പേർ കൊല്ലപ്പെടുകയും ചെയ്തു.
ഓഗസ്റ്റ് 14ന് ഇന്ത്യ വിഭജനത്തിന്റെ ദുരന്തങ്ങളുടെ ഓർമ്മ ദിവസം ആചരിക്കുകയാണ് കേന്ദ്രസർക്കാർ. എണ്ണമറ്റ ആളുകൾ അനുഭവിച്ച സംഘർഷവും വേദനയും ഓർമ്മിക്കുന്ന ദിവസമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സന്ദേശത്തിൽ സൂചിപ്പിച്ചു. “ചരിത്രത്തിന്റെ ദുഃഖകരമായ അധ്യായത്തിൽ എണ്ണമറ്റ ആളുകൾ അനുഭവിച്ച സംഘർഷവും വേദനയും ഓർമ്മിക്കുന്നു. അവരുടെ ധൈര്യത്തെയും, സങ്കൽപ്പിക്കാനാവാത്ത നഷ്ടത്തെ നേരിടാനും പുതുതായി ആരംഭിക്കാനുള്ള ശക്തി കണ്ടെത്താനുമുള്ള അവരുടെ കഴിവിനെയും ആദരിക്കാനുള്ള ഒരു ദിവസം കൂടിയാണിത്. ദുരിതമനുഭവിച്ചവരിൽ പലരും അവരുടെ ജീവിതം പുനർനിർമ്മിക്കുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ഐക്യത്തിന്റെ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നമ്മുടെ നിലനിൽക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ചും ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു” എന്ന് മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
Discussion about this post