ന്യൂഡൽഹി : കന്നഡ നടൻ ദർശൻ പ്രതിയായ രേണുകസ്വാമി വധക്കേസിൽ കർണാടക ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കർണാടക ഹൈക്കോടതി ഉത്തരവിൽ ഗുരുതരമായ പിഴവുകൾ ഉണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ദർശന് ജാമ്യം നൽകിയ കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി.
ദർശന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഈ പ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ഹൈക്കോടതി ഉത്തരവിൽ ഗുരുതരമായ നിയമപരമായ ബലഹീനതകളുണ്ടെന്ന് വ്യക്തമാണ് എന്ന് സുപ്രീം കോടതി സൂചിപ്പിച്ചു . ഐപിസി 302, 34 വകുപ്പുകൾ പ്രകാരം ജാമ്യം നൽകുന്നതിന് പ്രത്യേകമോ ന്യായമോ ആയ കാരണങ്ങൾ രേഖപ്പെടുത്തുന്നതിൽ ഉത്തരവ് പരാജയപ്പെട്ടു എന്നും ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിലാണ് തന്റെ 33 വയസ്സുള്ള ‘ആരാധകനെ’ നടൻ ദർശൻ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നത്. രേണുകസ്വാമി കൊലപാതക കേസിലെ വിചാരണ കോടതി ഉത്തരവുകളും ദർശന് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവും പരിശോധിച്ച സുപ്രീം കോടതി നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണെന്നും അഭിപ്രായപ്പെട്ടു. “ആർട്ടിക്കിൾ 14 നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുകയും ഏകപക്ഷീയത നിരോധിക്കുകയും ചെയ്യുന്നു. ജനപ്രീതിയോ പദവിയോ പരിഗണിക്കാതെ എല്ലാ വ്യക്തികളും നിയമത്തിന് തുല്യമായി വിധേയരാണെന്ന് ഇത് അനുശാസിക്കുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, ഈ അപ്പീലുകളെല്ലാം അനുവദനീയമാണ്. 2024 ഡിസംബർ 13 ലെ ഉത്തരവ് റദ്ദാക്കുകയും കുറ്റാരോപിതന് നൽകിയ ജാമ്യം ഇതിനാൽ റദ്ദാക്കുകയും ചെയ്യുന്നു. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കാൻ അധികാരികളോട് നിർദ്ദേശിക്കുന്നു” എന്നാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.









Discussion about this post