കൊൽക്കത്ത : ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസതാരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു.
ഇതിഹാസ ടെന്നീസ് താരം ലിയാൻഡർ പേസിന്റെ പിതാവാണ്. ദീർഘനാളായി പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1972 ലെ മ്യൂണിക്ക് ഒളിമ്പിക് ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു വെസ് പേസ്.
ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കൊൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. 1971 ലെ ബാഴ്‌സലോണയിൽ നടന്ന ഹോക്കി ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കിയിലും പേസ് ഭാഗമായിരുന്നു. ഇന്ത്യൻ ഹോക്കി ടീമിലെ പ്രമുഖ മിഡ്ഫീൽഡർ ആയിരുന്നു അദ്ദേഹം.
ഹോക്കിക്ക് പുറമേ ഫുട്ബോൾ, ക്രിക്കറ്റ്, റഗ്ബി തുടങ്ങിയ നിരവധി കായിക ഇനങ്ങളിലും അദ്ദേഹം തന്റെ കഴിവ് പരീക്ഷിച്ചു. 1996 മുതൽ 2002 വരെ ഇന്ത്യൻ റഗ്ബി ഫുട്ബോൾ യൂണിയന്റെ പ്രസിഡന്റായും വെസ് പേസ് സേവനമനുഷ്ഠിച്ചു. ഒരു സ്പോർട്സ് മെഡിസിൻ ഫിസിഷ്യൻ എന്ന നിലയിൽ, അദ്ദേഹം ബിസിസിഐയിലും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്, ഇന്ത്യൻ ഡേവിസ് കപ്പ് ടീം എന്നിവയുൾപ്പെടെ നിരവധി കായിക സംഘടനകളിൽ മെഡിക്കൽ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ ലിയാൻഡർ പേസും ഒളിമ്പിക് മെഡൽ ജേതാവാണ്.









Discussion about this post