ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 38 മരണം. 120ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രിയും രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭരണകൂടത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
“ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന എല്ലാവരോടും എന്റെ അനുശോചനവും പ്രാർത്ഥനയും ഉണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ആവശ്യമുള്ളവർക്ക് സാധ്യമായ എല്ലാ സഹായവും നൽകും” എന്ന പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പങ്കുവെച്ചു. ജില്ലാ ഭരണകൂടവും എൻഡിആർഎഫ് സംഘങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
മച്ചൈൽ മാതാ യാത്രയുടെ ആരംഭ സ്ഥലമായ ചഷോട്ടി പ്രദേശത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായതായി കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് കുമാർ ശർമ്മ അറിയിച്ചു. മേഘവിസ്ഫോടനത്തിന് ശേഷം ചിഷോട്ടി ഗ്രാമത്തിൽ ഒരു വെള്ളപ്പൊക്കം ഉണ്ടായി. ഈ വെള്ളപ്പൊക്കമാണ് കൂടുതൽ നാശനഷ്ടങ്ങൾക്ക് വഴിവെച്ചത്. ഇതുവരെയായി 98 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Discussion about this post