ശ്രീനഗർ : ലഡാക്കിൽ നിന്നും അന്താരാഷ്ട്ര വിപണിയിലേക്കുള്ള അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കാർഗിൽ ആപ്രിക്കോട്ടുകൾ. ലഡാക്കിലെ കാർഗിൽ ജില്ലയിൽ കൃഷി ചെയ്യുന്ന ഈ ആപ്രിക്കോട്ടുകൾ ആദ്യമായാണ് അന്താരാഷ്ട്ര വിപണിയിലേക്ക് രംഗപ്രവേശം നടത്തുന്നത്. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലേക്കാണ് രാജ്യത്തിന്റെ അഭിമാനവിളയായി കാർഗിൽ ആപ്രിക്കോട്ടുകൾ എത്തുന്നത്.
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് കാർഗിൽ ആപ്രിക്കോട്ടിന്റെ ലോഞ്ച് നടന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ആണ് ഈ പ്രീമിയം പഴത്തിന്റെ ലോഞ്ചിംഗ് നിർവഹിച്ചത്. കേന്ദ്രസർക്കാരിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ്’ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തനതായ ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ ഉൽപ്പാദകർക്കും സൗദി റീട്ടെയിലർമാർക്കും ഇടയിലുള്ള സമാനമായ സംയുക്ത സംരംഭങ്ങൾക്ക് തുടർന്നും സർക്കാർ പിന്തുണ ഉറപ്പ് നൽകുമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള, പ്രത്യേകിച്ച് കാർഷിക, ഭക്ഷ്യ സംസ്കരണ മേഖലകളിൽ വളർന്നുവരുന്ന വാണിജ്യ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ആദ്യമായി ലഡാക്കിൽ നിന്നുള്ള ആപ്രിക്കോട്ടുകൾ അന്താരാഷ്ട്ര കയറ്റുമതി നടത്തുന്നത്.
Discussion about this post