ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 50 കടന്നു. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. 150ലധികം പേരെ കാണാതായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ശക്തമായ വെള്ളപ്പൊക്കത്തിൽ 10 വീടുകൾ, നാല് ക്ഷേത്രങ്ങൾ, നാല് സർക്കാർ കെട്ടിടങ്ങൾ, ഒരു പാലം എന്നിവയും ഒലിച്ചുപോയി, കൂടാതെ നിരവധി വാഹനങ്ങളും ഒഴുകിപ്പോയി. പരിക്കേറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിൽ ആയി പ്രവേശിപ്പിച്ചു. ശ്രീ മച്ചൈൽ മാതാ തീർത്ഥാടനകേന്ദ്രത്തിലേക്കുള്ള വഴിയിലെ അരുവിക്കരയിലുള്ള ഒരു മലയോര ഗ്രാമമായ ചിസോട്ടിയെ ആണ് മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.
പോലീസ്, എസ്ഡിആർഎഫ്, എൻഡിആർഎഫ്, സൈന്യം, കേന്ദ്ര സായുധ പോലീസ് സേനകൾ (സിഎപിഎഫ്) എന്നിവർ ചേർന്ന് മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) സൈനികരും ദുരന്തത്തിൽ മരിച്ചു. തുടർച്ചയായി നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥ മൂലം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിടുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Discussion about this post