തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ആർഎസ്എസിനെ കുറിച്ച് പരാമർശിച്ചതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി ആർഎസ്എസിനെ വെള്ളപൂശുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാർഡിൽ സവർക്കറെ മുകളിൽ പ്രതിഷ്ഠിച്ചത് ഗൂഢാലോചന ആണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും പിണറായി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യസമര ചരിത്രത്തെ ഭയപ്പെടുന്നവരുടെ വെപ്രാളമാണ് ഈ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. “ഒറ്റുകാരുടെ വേഷമായിരുന്നു ആർഎസ്എസിന്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര സങ്കല്പങ്ങളോട് പരസ്യമായി വിപ്രതിപത്തി പ്രകടിപ്പിച്ചവരാണ് ആർഎസ്എസ്. നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ദേശീയതയ്ക്ക് പകരം ഭൂരിപക്ഷ വർഗ്ഗീയതയിലൂന്നിയ ഹിന്ദുത്വ ദേശീയതയെയാണ് അവർ ഉയർത്തിപ്പിടിച്ചത്. ആഗസ്ത് 14 ന് വിഭജനഭീതിയുടെ ഓര്‍മ്മദിനമാചരിക്കാൻ ആഹ്വാനം ചെയ്തവർക്ക് സ്വാതന്ത്ര്യദിനത്തോട് എന്തു മതിപ്പാണുള്ളത്? വെറുപ്പിന്റെയും വർഗീയതയുടെയും കലാപങ്ങളുടെയും വിഴുപ്പു ഭാരമാണ് ആർഎസ്എസ് പേറുന്നത്. മനുഷ്യത്വ വിരുദ്ധമായ വിഭാഗീയതയുടെ പ്രത്യയശാസ്ത്രം ചുമന്നു നടക്കുന്നവർക്ക് കയ്യിട്ടു വാരാനുള്ളതല്ല ഇന്ത്യയുടെ മഹിതമായ സ്വാതന്ത്ര്യ സമര ചരിത്രം. അത്തരക്കാരുമായി തുല്യപ്പെടുത്താൻ ഉള്ളതല്ല ഗാന്ധിജിയുടെയും ഭഗത് സിംഗിന്റെയും രക്തസാക്ഷികളുടെയും സ്മരണ” എന്നിങ്ങനെ നീളുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രിയുടെ ആർഎസ്എസ് പരാമർശത്തിനെതിരായി പിണറായി വിജയൻ പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post