ന്യൂഡൽഹി : എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ട്രപതി സ്ഥാനത്ത് ഒരു പ്രചോദനാത്മക വ്യക്തിത്വമായി സി പി രാധാകൃഷ്ണൻ മാറുമെന്ന് മോദി സൂചിപ്പിച്ചു. മഹാരാഷ്ട്രയിൽ നിന്നുമുള്ള നിരവധി നേതാക്കളും സിപി രാധാകൃഷ്ണന് ആശംസകൾ അറിയിച്ചു.
“തന്റെ രാഷ്ട്രീയ ജീവിതത്തിൽ സമൂഹത്തിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാധാകൃഷ്ണൻ എപ്പോഴും ശ്രമിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി മോദി തന്റെ സന്ദേശത്തിൽ പറഞ്ഞു. പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ അദ്ദേഹം വിപുലമായി പ്രവർത്തിച്ചിട്ടുണ്ട്. എൻഡിഎ കുടുംബം അദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത് വളരെ സ്വാഭാവികമാണ്. കാരണം വിവിധ ഉത്തരവാദിത്തങ്ങളിൽ അദ്ദേഹം എപ്പോഴും സ്വയം തെളിയിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹം പ്രചോദനാത്മകമായ ഒരു പങ്ക് വഹിക്കും” എന്നും മോദി തന്റെ ആശംസ സന്ദേശത്തിൽ വ്യക്തമാക്കി.
മഹാരാഷ്ട്ര ഗവർണറും എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുമായ സി.പി. രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സേവിക്കാൻ അവസരം നൽകിയ പ്രധാനമന്ത്രി മോദിയോട് താൻ അങ്ങേയറ്റം നന്ദിയുള്ളവനാണെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച പോസ്റ്റിൽ അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ പ്രിയപ്പെട്ട നേതാവും ഏറ്റവും ആദരണീയനായ പ്രധാനമന്ത്രിയുമാണെന്ന് പ്രധാനമന്ത്രി മോദിയെ വിശേഷിപ്പിച്ച രാധാകൃഷ്ണൻ, ഇത് തനിക്ക് അഭിമാനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നിമിഷമാണെന്നും സൂചിപ്പിച്ചു.
കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നേതാവാണ് സി പി രാധാകൃഷ്ണൻ. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷൻ ആയിരുന്നു. 2024 ജൂലൈ 31നാണ് അദ്ദേഹം മഹാരാഷ്ട്രയുടെ 24-ാമത്തെ ഗവർണറായി ചുമതല ഏറ്റിരുന്നത്. അതിനുമുൻപ് അദ്ദേഹം ജാർഖണ്ഡ് ഗവർണർ ആയിരുന്നു. നേരത്തെ തെലങ്കാന ഗവർണർ ആയും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിനാറാം വയസ്സു മുതൽ രാധാകൃഷ്ണൻ ആർ.എസ്.എസ് , ജനസംഘം എന്നീ സംഘടനകളിൽ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം.









Discussion about this post