തിരുവനന്തപുരം : റാപ്പർ വേടനെതിരെ വീണ്ടും ലൈംഗിക പരാതികളുമായി യുവതികൾ. രണ്ട് യുവതികളാണ് വേടനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. നേരത്തെ മറ്റൊരു യുവതി നൽകിയ ബലാത്സംഗ കേസിൽ വേടന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ മറ്റു രണ്ടു യുവതികൾ കൂടി പരാതിയുമായി എത്തിയിട്ടുള്ളത്.
മുഖ്യമന്ത്രിയെ നേരിട്ട് കാണാനും ഈ യുവതികൾ തീരുമാനിച്ചിട്ടുണ്ട്. ഉടൻതന്നെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും എന്നാണ് സൂചന. ദളിത് സംഗീതത്തിൽ ഗവേഷണം നടത്തുന്ന ഒരു യുവതിയാണ് പരാതിക്കാരിലൊരാൾ. ദളിത് സംഗീതത്തെക്കുറിച്ച് സംസാരിക്കുന്നതിനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്.
സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന മറ്റൊരു യുവതിയാണ് രണ്ടാമത്തെ പരാതിക്കാരി. തന്‍റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് ഈ യുവതിയുടെ പരാതി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം നടത്തിയിട്ടുള്ളവരാണ് ഈ രണ്ടു യുവതികളും. 2020 – 2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും നടന്നത്. നേരത്തെ മറ്റൊരു യുവതി കോഴിക്കോടും കൊച്ചിയിലും വെച്ച് വേടൻ ലൈംഗികാതിക്രമം നടത്തിയതായി കാണിച്ച് തൃക്കാക്കര പോലീസിന് പരാതി നൽകിയിരുന്നു.









Discussion about this post