ന്യൂഡൽഹി : റെയിൽവേ ട്രാക്കുകൾക്കിടയിൽ സ്ഥാപിക്കുന്നതും നീക്കം ചെയ്യാൻ കഴിയുന്നതുമായ സോളാർ പാനൽ സംവിധാനം ഇന്ത്യൻ റെയിൽവേ കമ്മീഷൻ ചെയ്തു. ഇന്ത്യയിൽ തന്നെ ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഈ സംവിധാനം വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സിൽ ആണ് കമ്മീഷൻ ചെയ്തത്. പുനരുപയോഗ ഊർജ്ജത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചരിത്രപരമായ മാതൃകയാണ് ഇതെന്ന് റെയിൽവേ വ്യക്തമാക്കി.
സുസ്ഥിര ഊർജ്ജത്തിനും ഹരിത ഊർജ്ജ നവീകരണത്തിനും ഇന്ത്യൻ റെയിൽവേ നടത്തുന്ന വ്യത്യസ്ത ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ നീക്കം ചെയ്യാവുന്ന സോളാർപാനൽ സംവിധാനം ബനാറസ് ലോക്കോമോട്ടീവ് വർക്ക്സിൽ സ്ഥാപിച്ചിരിക്കുന്നത്. 70 മീറ്റർ നീളത്തിൽ 28 പാനലുകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്.
നേരത്തെ വെസ്റ്റേൺ റെയിൽവേ രത്ലം ഡിവിഷനു കീഴിലുള്ള നാഗ്ഡ-ഖച്‌റോഡ് സെക്ഷനിൽ രാജ്യത്തെ ആദ്യത്തെ 2×25 കെവി ഇലക്ട്രിക് ട്രാക്ഷൻ സിസ്റ്റം കമ്മീഷൻ ചെയ്തിരുന്നു. സ്കോട്ട്-കണക്റ്റഡ് 100 MVA പവർ ട്രാൻസ്ഫോർമറുകൾ ഉൾപ്പെടുന്ന ഈ സംവിധാനം, ഓവർഹെഡ് ഉപകരണങ്ങൾക്ക് (OHE) വൈദ്യുത ലോഡ് കാര്യക്ഷമമായി നൽകുന്നത് ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സ്കോട്ട് ട്രാൻസ്ഫോർമർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഊർജ്ജസ്വലമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റേഷനാണ് നാഗ്ഡ ട്രാക്ഷൻ സബ്-സ്റ്റേഷൻ.
Discussion about this post