ന്യൂഡൽഹി; ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടു. ലോക് കല്യാൺമാർഗിലെ വസതിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ഊഷ്മളമായ ആലിംഗനത്തോടെയാണ് പ്രധാനമന്ത്രി ശുക്ലയെ സ്വീകരിച്ചത്.ആക്സിയം-4 ദൗത്യത്തിൻ്റെ ഭാഗമായി ചരിത്രപരമായ ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമുള്ള കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രി മോദിക്ക് ആക്സിയം -4 മിഷൻ പാച്ച് ശുക്ല സമ്മാനമായി നൽകി. ഐഎസ്‌എസിൽ നിന്ന് പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ അദ്ദേഹത്തിന് പങ്കുവെക്കുകയും ചെയ്തു.
ശുക്ലയുടെ വിജയകരമായ ദൗത്യത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ അഭിനന്ദിച്ചു. ബഹിരാകാശത്തെ ശുക്ലയുടെ അനുഭവങ്ങൾ, ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതി, ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ ബഹിരാകാശ ദൗത്യം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
18 ദിവസംനീണ്ട ആക്‌സിയം-4 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ശുഭാംഭു ഭൂമിയില്‍ തിരിച്ചെത്തിയത്. 1984-ൽ വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്ത് പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനുമാണ് ശുഭാംഷു ശുക്ല. ഇന്ത്യയുടെ തദ്ദേശീയ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിലേക്കുള്ള ഒരു നിർണായക ചുവടുവെപ്പായാണ് ഈ ദൗത്യത്തെ ഇന്ത്യ കാണുന്നത്.
സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ശുക്ലയുടെ ഈ നേട്ടത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിരുന്നു. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ സ്വാശ്രയത്വവും, ഭാവിയിൽ നടപ്പാക്കാൻ പോകുന്ന മനുഷ്യ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ശുക്ലയുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
Discussion about this post