ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷ സഖ്യം. മുൻ സുപ്രീം കോടതി ജഡ്ജി ബി സുദർശൻ റെഡ്ഡി ആണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. എൻഡിഎ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനെ നാമനിർദ്ദേശം ചെയ്ത രണ്ടു ദിവസങ്ങൾക്കുശേഷമാണ് ഇപ്പോൾ പ്രതിപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആണ് പ്രതിപക്ഷ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും ഈ പേരിൽ യോജിച്ചു എന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്നും ഖാർഗെ വ്യക്തമാക്കി.
ആന്ധ്രപ്രദേശിൽ നിന്നുള്ള ബി സുദർശൻ റെഡ്ഡി മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്നു. ഗോവയിലെ ആദ്യത്തെ ലോകായുക്തയുമായിരുന്നു അദ്ദേഹം. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ റിട്ട്, സിവിൽ കാര്യങ്ങളിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 1988 നും 1990 നും ഇടയിൽ ഗവൺമെന്റ് പ്ലീഡറായും കുറച്ചുകാലം കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിലായും സേവനമനുഷ്ഠിച്ചു. ഒസ്മാനിയ സർവകലാശാലയുടെ നിയമ ഉപദേഷ്ടാവായും സ്റ്റാൻഡിംഗ് കൗൺസിലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post