വാഷിംഗ്ടൺ : ഇന്ത്യയ്ക്ക് മേൽ ഉപരോധങ്ങൾ ചുമത്താൻ യുഎസ് പ്രസിഡണ്ട് തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായാണ് ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് എന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. ഇന്ത്യക്ക് മേൽ ഉപരോധങ്ങൾ ചുമക്കുന്നത് റഷ്യയെ സമ്മർദ്ദത്തിലാക്കും എന്നാണ് യുഎസ് പ്രസിഡണ്ട് ട്രംപിന്റെ നിരീക്ഷണം.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് മേൽ 25% അധികതീരുവ ചുമത്താൻ ആണ് യുഎസ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യക്ക് മേലുള്ള മൊത്തം തീരുവ 50% ആയി ഉയരും. യൂഎസിന്റെ ഈ നടപടിയിലൂടെ റഷ്യ സമ്മർദ്ദത്തിലാവുകയും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡണ്ട് പുടിൻ തയ്യാറാവുകയും ചെയ്യും എന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.
അലാസ്കയിൽ വെച്ച് റഷ്യൻ പ്രസിഡണ്ടും യുഎസ് പ്രസിഡണ്ടും തമ്മിൽ നടന്ന ഉച്ചകോടിയിൽ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ ഒന്നും ഉണ്ടാകാതെ വന്നതോടെയാണ് ട്രംപ് റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമം നടത്തുന്നത്. കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും ചർച്ചകൾ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. റഷ്യയും യുക്രെയ്നും യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ലെങ്കിലും എല്ലാ സംഭാഷണങ്ങളും വളരെ വിജയകരമായിരുന്നു എന്നാണ് ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
Discussion about this post