ന്യൂഡൽഹി : ഗുരുതരമായ ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം ജയിലിൽ കഴിയേണ്ടി വന്നാൽ 31ആമത്തെ ദിവസം ഇനി രാജ്യത്തെ ഏതു മന്ത്രിമാർക്കും സ്ഥാനം നഷ്ടപ്പെടും. ഇതിനായി പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബിൽ 2025 എന്ന ഈ ബിൽ ഇന്ന് ലോകസഭയിൽ അവതരിപ്പിക്കും.
കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്ത് തുടർച്ചയായി 30 ദിവസം തടവ് അനുഭവിച്ചാൽ 31ആമത്തെ ദിവസം തന്നെ സ്വയമേവ സ്ഥാനം നഷ്ടപ്പെടുമെന്ന വ്യവസ്ഥിതിയാണ് പുതിയ ബില്ലിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്നത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി അല്ലെങ്കിൽ ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണ പ്രദേശത്തിന്റെയോ മന്ത്രിമാർ എന്നിങ്ങനെയുള്ള എല്ലാവർക്കും ഈ പുതിയ നിയമം ബാധകമാകുന്നതായിരിക്കും.
അറസ്റ്റിലായി മാസങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയും പദവിയിൽ തുടർന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. ഇത്തരം സന്ദർഭങ്ങളിൽ കുറ്റം ചുമത്തപ്പെട്ട മന്ത്രിമാരെ നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ നിലവിൽ ഭരണഘടനയിൽ ഇല്ല. ഭാവിയിൽ ഇത്തരത്തിൽ കുറ്റം ചുമത്തപ്പെട്ട് 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടി വരുന്ന മന്ത്രിമാരെ നീക്കം ചെയ്യുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകുന്നതിനായി ആർട്ടിക്കിൾ 75, 164, 239AA എന്നിവയിൽ ഭേദഗതി വരുത്താൻ ആണ് ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബിൽ ശ്രമിക്കുന്നത്.
Discussion about this post