ഇന്ത്യ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളിലാണ്. ആഘോഷങ്ങളുടെ ഭാഗമായി നിരവധി മനോഹരമായ ഗണേശ വിഗ്രഹങ്ങൾ ഇപ്പോൾ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കാണാൻ കഴിയുന്നതാണ്. ഓരോ വർഷവും ഗണേശ ചതുർത്ഥിക്ക് ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹം ഉണ്ടാക്കുന്നതിനുള്ള മത്സരങ്ങൾ പോലും ഇന്ത്യയിലുണ്ട്. പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഗണേശനുള്ളത് ഇന്ത്യയിൽ അല്ല. അങ്ങ് തായ്‌ലൻഡിലാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഗണേശ വിഗ്രഹം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
ഒരു 12 നില കെട്ടിടത്തേക്കാൾ ഉയരം ഉള്ളതാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹമായ ‘ഫ്രാ ഫിക്കാനെറ്റ്’.
തായ്‌ലൻഡിലെ ചാചോങ്‌സാവോ പ്രവിശ്യയിലെ ക്ലോങ് ഖുയാൻ ജില്ലയിൽ ആണ് ഈ ഗണേശ വിഗ്രഹം ഉള്ളത്. ക്ലോങ് ഖുയാൻ ഗണേഷ് ഇന്റർനാഷണൽ പാർക്കിനുള്ളിൽ ആണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 39 മീറ്റർ ഉയരമാണ് വിഗ്രഹത്തിനുള്ളത് . പൂർണ്ണമായും വെങ്കലത്തിലാണ് നിർമ്മാണം നടത്തിയിട്ടുള്ളത്.
തായ് സംസ്കാരത്തിൽ ഫ്രാ ഫിക്കാനെറ്റ് എന്നറിയപ്പെടുന്ന ഗണേശനെ തടസ്സങ്ങൾ നീക്കുന്നവനായും കലകളുടെയും പഠനത്തിന്റെയും ജ്ഞാനത്തിന്റെയും രക്ഷാധികാരിയായും ആണ് ആരാധിക്കുന്നത്. 2012 ൽ ആയിരുന്നു ക്ലോങ് ഖുയാൻ ഗണേഷ് ഇന്റർനാഷണൽ പാർക്കിൽ ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗണേശ വിഗ്രഹം സ്ഥാപിക്കപ്പെട്ടത്. നാല് കൈകളിലായി ചക്ക, കരിമ്പ്, വാഴപ്പഴം, മാമ്പഴം എന്നിവ പിടിച്ചുകൊണ്ട് നിൽക്കുന്ന രൂപത്തിലാണ് ഈ ഗണേശ വിഗ്രഹം ഉള്ളത്. നാലുവർഷം എടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. ദിവസം തോറും നിരവധി ടൂറിസ്റ്റുകളും ഈ ഗണേശ വിഗ്രഹം കാണാനായി ഇവിടെ എത്താറുണ്ട്.













Discussion about this post