ന്യൂഡൽഹി : ലോക്സഭയിൽ പ്രതിപക്ഷ എംപി കെ സി വേണുഗോപാലിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 30 ദിവസമെങ്കിലും ജയിലിൽ കിടന്നാൽ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സംസ്ഥാന മന്ത്രിമാരോ ആയവർക്ക് സ്വയമേവ സ്ഥാനം നഷ്ടപ്പെടുന്ന ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ ആയിരുന്നു കെ സി വേണുഗോപാൽ അമിത് ഷാക്കെതിരെ ചോദ്യമുന്നയിച്ചത്. അമിത് ഷാക്കെതിരെയും കേസ് ഉണ്ടായിരുന്നില്ലേ, അറസ്റ്റ് ചെയ്തിട്ടില്ലേ എന്നായിരുന്നു വേണുഗോപാലിന്റെ ചോദ്യം.
എനിക്കെതിരായി ആരോപണം ഉയർന്നപ്പോൾ തന്നെ ഞാൻ രാജി വെച്ചിരുന്നു, അതാണ് ധാർമികത എന്ന് അമിത് ഷാ മറുപടി നൽകി. “ആരോപണങ്ങൾ ഉയർന്നപ്പോൾ, അറസ്റ്റിന് മുമ്പ് തന്നെ ഞാൻ ധാർമ്മികമായി രാജിവച്ചു . പിന്നീട് കോടതി നിരപരാധിയാണെന്ന് തെളിയിക്കുന്നതുവരെ ഞാൻ ഒരു ഭരണഘടനാ പദവിയും ഏറ്റെടുത്തിട്ടില്ല. അറസ്റ്റിലാകുന്നതിന് മുമ്പ് സ്ഥാനം രാജിവച്ചതിലൂടെ ഞാൻ ഭരണഘടനാ തത്വങ്ങൾ പാലിച്ചു” എന്നും അമിത് ഷാ കെ സി വേണുഗോപാലിന് മറുപടി നൽകി.
2025-ലെ ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബിൽ ഉൾപ്പെടെ മൂന്ന് ബില്ലുകൾ ഷാ ലോവർ ഹൗസിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ചർച്ച നടന്നത്. അഴിമതിയോ ഗുരുതരമായ കുറ്റകൃത്യങ്ങളോ നേരിടുന്ന പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിമാരെയോ തുടർച്ചയായി 30 ദിവസം തടങ്കലിൽ തുടർന്നാൽ അവരെ നീക്കം ചെയ്യാൻ ഈ ബിൽ നിർദ്ദേശിക്കുന്നു.
Discussion about this post