തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ഇടപെടലുമായി കോൺഗ്രസ് ഹൈക്കമാൻഡ്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന് ഹൈക്കമാൻഡ് നിർബന്ധം പിടിച്ചിട്ടില്ല. ഈ കാര്യത്തിൽ രാഹുലിന് സ്വയം തീരുമാനമെടുക്കാം എന്നാണ് ഹൈകമാൻഡ് സൂചിപ്പിക്കുന്നത്. എന്നാൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ രാഹുലിന് സീറ്റ് നൽകില്ല എന്നാണ് കോൺഗ്രസിന്റെ തീരുമാനം.
യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. പാലക്കാട് ഇനി രാഹുലിനെ മത്സരിപ്പിക്കില്ല എന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. കോൺഗ്രസ് ഹൈക്കമാന്റിൽ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷി ആണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിന്റെ രാജി എഴുതി വാങ്ങാൻ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.
രാഹുലിനെതിരെ എഐസിസിക്ക് നേരത്തെയും പരാതികൾ ലഭിച്ചിട്ടുള്ളതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ പരാതികൾ കൂടി കണക്കിലെടുത്താണ് കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് പ്രമുഖ യുവ കോണ്‍ഗ്രസ് നേതാവില്‍ നിന്നും ഉണ്ടായ മോശമായ അനുഭവം തുറന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് രംഗത്ത് വന്നിരുന്നു. എന്നാൽ റിനി യുവ നേതാവിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് എഴുത്തുകാരിയായ ഹണി ഭാസ്കരൻ രാഹുൽ മാങ്കുട്ടത്തിലിൽ നിന്നും ഉണ്ടായ ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഹൈക്കമാൻഡ് നടപടി സ്വീകരിക്കുന്നത്.
Discussion about this post