ന്യൂഡൽഹി : കോൺഗ്രസിലെ യുവ നേതാക്കൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിലെ പല യുവ നേതാക്കളും ഏറെ കഴിവുള്ളവരാണെന്ന് മോദി സൂചിപ്പിച്ചു. ഈ കാരണത്താൽ രാഹുൽ ഗാന്ധി അരക്ഷിതാവസ്ഥയിലാണെന്നും തന്നെക്കാൾ കഴിവുള്ള യുവ നേതാക്കൾ വളർന്നുവരുന്നത് അദ്ദേഹത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.
കോൺഗ്രസിലെ കുടുംബാധിപത്യം ആണ് പല കഴിവുള്ള നേതാക്കളെയും മുഖ്യധാരയിലേക്ക് എത്താതെ നിർത്തുന്നത്. കോൺഗ്രസിൽ രാഹുൽ ഗാന്ധി ഭയപ്പെടുന്നതും ഇത്തരം കഴിവുള്ള യുവ നേതാക്കളെയാണ്. അതിനാൽ തന്നെ യുവ നേതാക്കളെ കോൺഗ്രസ് അവഗണിക്കുകയാണ്. സ്വജനപക്ഷപാതവും അരക്ഷിതാവസ്ഥയും കാരണം അവർക്ക് മുന്നോട്ട് വരാൻ അവസരം ലഭിക്കുന്നില്ല എന്നും മോദി അഭിപ്രായപ്പെട്ടു.
പാർലമെന്റിൽ പ്രതിപക്ഷം നിരുത്തരവാദപരമായ മനോഭാവം പുലർത്തുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രധാന നിയമങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്നതിന് പകരം പ്രതിപക്ഷം ബഹളം വയ്ക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഓൺലൈൻ ഗെയിമിംഗ് ബില്ലിനെ പ്രധാനമന്ത്രി മോദി പ്രത്യേകം പ്രശംസിച്ചു.
Discussion about this post