തിരുവനന്തപുരം : വീടുപണിക്കായി എത്തിച്ച തറയോട് താഴെയിറക്കുന്നതിനായി സിഐടിയു അമിത കൂലി ചോദിച്ചതോടെ മുഴുവൻ തറയോടുകളും ഒറ്റയ്ക്ക് താഴെ ഇറക്കി വീട്ടുടമസ്ഥയായ അധ്യാപിക. കുമ്മിൾ സ്വദേശിനി പ്രിയ വിനോദ് ആണ് മുഴുവൻ തറയോടുകളും വാഹനത്തിൽ നിന്നും ഒറ്റയ്ക്ക് താഴെ ഇറക്കിയത്. മലപ്പുറത്ത് എസ്ഐ ആയ ഐ വി വിനോദിന്റെ ഭാര്യയാണ് പ്രിയ.
വീട് നിർമ്മാണത്തിന് സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും സിഐടിയു തൊഴിലാളികൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു എന്നാണ് പ്രിയ വെളിപ്പെടുത്തുന്നത്. കഴിഞ്ഞദിവസം തറയോടുകളും ആയി വാഹനം എത്തിയപ്പോൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികൾ അമിത കൂലി ചോദിക്കുകയായിരുന്നു. വെഞ്ഞാറമൂട് നിന്നും ആണ് തറയോടുകൾ കൊണ്ടുവന്നിരുന്നത്. ഇവിടെ നിന്നും ഈ ടൈലുകൾ വാഹനത്തിൽ കയറ്റാൻ വാങ്ങിച്ചതിലും വളരെ അധികം കൂലിയാണ് ഇറക്കാനായി സിഐടിയു തൊഴിലാളികൾ ആവശ്യപ്പെട്ടത് എന്നാണ് പ്രിയ വ്യക്തമാക്കുന്നത്.
സിഐടിയുവും വീട്ടുടമസ്ഥയും തമ്മിൽ തർക്കം ആയതോടെ ഒടുവിൽ തറയോടുകൾ താൻ തന്നെ താഴെ ഇറക്കുമെന്ന് പ്രിയ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് രാത്രിയിലും പ്രിയ ഒറ്റയ്ക്ക് ഈ തറയോടുകൾ താഴെയിറക്കി. മുഴുവൻ തറയോടുകളും താഴെയിറക്കുന്നത് വരെ സിഐടിയു തൊഴിലാളികൾ ഇവിടെ കാവൽ നിന്നു. പാവപ്പെട്ട തൊഴിലാളികൾക്കെതിരെ മോശം ആരോപണം ഉന്നയിക്കുകയാണ് പ്രിയ ചെയ്യുന്നത് എന്നാണ് സിഐടിയു വ്യക്തമാക്കുന്നത്.
Discussion about this post