എറണാകുളം : പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മുൻ സുപ്രീംകോടതി ജഡ്ജി ബി സുദർശൻ റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുദർശൻ റെഡ്ഡി സുപ്രീംകോടതി ജഡ്ജിയായിരിക്കെ എടുത്ത ഒരു തീരുമാനമാണ് രാജ്യത്ത് ഇന്നും കമ്മ്യൂണിസ്റ്റ് ഭീകരവാദം പൂർണമായും തുടച്ചുനീക്കപ്പെടാതിരിക്കാൻ കാരണമെന്ന് അമിത് ഷാ സൂചിപ്പിച്ചു. 2011ൽ സാൽവ ജുദും പിരിച്ചുവിടാനായി ബി സുദർശൻ റെഡ്ഡി ഉത്തരവിട്ടില്ലായിരുന്നെങ്കിൽ 2020ന് ഉള്ളിൽ തന്നെ രാജ്യത്ത് നിന്നും കമ്മ്യൂണിസ്റ്റ് ഭീകരവാദം പൂർണമായും ഇല്ലാതാകുമായിരുന്നു എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
കൊച്ചിയിൽ നടന്ന മനോരമ കോൺക്ളേവിന്റെ പരിപാടിയിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഈ പരാമർശം. കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെയും നക്സലിസത്തെയും പിന്തുണയ്ക്കാൻ സുപ്രീം കോടതി പോലുള്ള ഒരു വേദി ഉപയോഗിച്ച വ്യക്തിയെ ആണ് ഇടതുപക്ഷവും കോൺഗ്രസും ചേർന്ന് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു കോടതി ഉത്തരവിന്റെ ദോഷഫലം കേരളം ഉൾപ്പെടെ അനുഭവിച്ചു എന്നും അമിത് ഷാ വ്യക്തമാക്കി.
മാവോയിസ്റ്റ് കലാപങ്ങളെ നേരിടാൻ ഛത്തീസ്ഗഢ് സർക്കാർ ആദിവാസി യുവാക്കളെ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി (എസ്.പി.ഒ) നിയമിച്ചിരുന്നതാണ് സാൽവ ജുദും. ഛത്തീസ്ഗഢ് മേഖലയിലെ നക്സലൈറ്റ് അക്രമങ്ങളെ ചെറുക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ഒരു സായുധ സംഘമായിരുന്നു “ശുദ്ധീകരണ വേട്ട” എന്ന് അർത്ഥമുള്ള സാൽവ ജുദും. കോൺഗ്രസ് ഭരിച്ചിരുന്ന ഛത്തീസ്ഗഢ് സംസ്ഥാന സർക്കാറിന്റെ നേരിട്ടുള്ള പരിശീലന പിന്തുണയോടെ ആയിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്.
2011-ൽ ജസ്റ്റിസുമാരായ സുദർശൻ റെഡ്ഡിയും എസ്.എസ്. നിജ്ജാറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ആണ് സാൽവ ജുദും പിരിച്ചുവിടാൻ ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അനന്തരഫലമായി 2013 ൽ സാൽവ ജുദൂമിന്റെ സ്ഥാപകനും കോൺഗ്രസ് നേതാവുമായ മഹേന്ദ്ര കർമ്മ, മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ വിദ്യാ ചരൺ ശുക്ല, ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നന്ദ് കുമാർ പട്ടേൽ, അദ്ദേഹത്തിന്റെ മകൻ ദിനേശ് പട്ടേൽ, മുൻ എംഎൽഎ ഉദയ് മുദലിയാർ എന്നിവരെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.
Discussion about this post