ഗഗൻയാൻ ദൗത്യത്തിനായുള്ള ഒരുക്കങ്ങളുടെ പുതിയൊരു ഘട്ടവും കൂടി പൂർത്തിയാക്കി ഐഎസ്ആർഒ. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ പാരച്യൂട്ട് അധിഷ്ഠിത ഡീസിലറേഷൻ സിസ്റ്റത്തിന്റെ ആദ്യ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശയാത്രികരുടെ ഭൂമിയിലേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഈ പരീക്ഷണം ഒരു നിർണായക നാഴികക്കല്ലാണ്.
ഇന്ത്യൻ വ്യോമസേന, പ്രതിരോധ ഗവേഷണ വികസന സംഘടന ( ഡിആർഡിഒ ), ഇന്ത്യൻ നാവികസേന, ഇന്ത്യൻ തീരസംരക്ഷണ സേന എന്നിവയുടെ ഏകോപനത്തോടെയാണ് ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് പൂർത്തിയാക്കിയത്. ഇന്ത്യയുടെ ആദ്യത്തെ ആളില്ലാ ഗഗൻയാൻ ദൗത്യമായ ജി1, ഡിസംബറിൽ പകുതി ഹ്യൂമനോയിഡ് റോബോട്ടായ വ്യോമിത്രയെ ഉപയോഗിച്ച് പരീക്ഷണ പറക്കൽ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ സ്ഥിരീകരിച്ചു.
നാല് ബഹിരാകാശയാത്രികരെ ബഹിരാകാശ യാത്രയ്ക്ക് കൊണ്ടുപോകുന്ന രാജ്യത്തെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണ് ഗഗൻയാൻ. ഈ വർഷം ബഹിരാകാശ പേടകം വിക്ഷേപിക്കാൻ ആണ് ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്. ദൗത്യത്തിന്റെ ആദ്യപടിയായി ആളില്ലാ പറക്കൽ വിക്ഷേപണത്തിൽ വ്യോമിത്ര റോബോട്ട് ബഹിരാകാശത്തേക്ക് പോകുന്നതായിരിക്കും. ഗഗൻയാൻ പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ഇതുവരെ 80 ശതമാനം പരീക്ഷണങ്ങളും, അതായത് ഏകദേശം 7,700 പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ന്യൂഡൽഹിയിൽ ഒരു പത്രസമ്മേളനത്തിൽ ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ അറിയിച്ചു.
Discussion about this post