ടെൽ അവീവ് : യെമന്റെ തലസ്ഥാനമായ സനയിൽ ആക്രമണം നടത്തി ഇസ്രായേൽ. യെമനിലെ പ്രധാന ഊർജ്ജകേന്ദ്രങ്ങൾ തകർത്തു. ഹൂതി വിമതരെ ലക്ഷ്യം വച്ചാണ് ഇസ്രായേൽ ആക്രമണം. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു പവർ പ്ലാന്റും ഗ്യാസ് സ്റ്റേഷനും തകർന്നതായി യെമനിലെ ഹൂതി മീഡിയ ഓഫീസ് അറിയിച്ചു.
പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഉൾപ്പെടെ വലിയ സ്ഫോടന ശബ്ദം കേട്ടതായാണ് യെമനിലുള്ളവർ വെളിപ്പെടുത്തുന്നത്. “ഹൂതി തീവ്രവാദ ഭരണകൂടത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചു. അസർ, ഹിസാസ് പവർ പ്ലാന്റുകൾ, ഇന്ധനം സംഭരിക്കുന്നതിനുള്ള ഒരു സ്ഥലം എന്നിവയായിരുന്നു മറ്റു ലക്ഷ്യങ്ങൾ, ” എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
തലസ്ഥാനമായ സനയും യെമനിലെ മറ്റ് ഭൂരിഭാഗം മേഖലകളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇസ്രായേൽ രാഷ്ട്രത്തെയും അതിന്റെ സഖ്യകക്ഷികളെയും ദ്രോഹിക്കുന്നതിനായി ഹൂതി തീവ്രവാദ ഭരണകൂടം ഇറാനിയൻ ഭരണകൂടത്തിന്റെ നിർദ്ദേശത്തിനും ധനസഹായത്തിനും കീഴിൽ പ്രവർത്തിക്കുന്നു എന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിരവധി ആക്രമണങ്ങൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഹൂതികൾ ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തിയതിനുള്ള പ്രതികാരമായാണ് ഇപ്പോൾ യെമന്റെ പ്രധാന ഊർജ്ജകേന്ദ്രങ്ങൾ തന്നെ ഇസ്രായേൽ തകർത്തിരിക്കുന്നത്.
Discussion about this post