ശ്രീനഗർ : ജമ്മു കശ്മീരിലെ ദോഡയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് കനത്ത മഴയും മിന്നൽ പ്രളയവും നിരവധി നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ദുരന്തത്തിൽ നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുകയും ചെയ്തു.
ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ താത്രിയിലാണ് ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് പിന്നാലെ മേഘവിസ്ഫോടനവും ഉണ്ടായത്. ദോഡയിലെ പർവതങ്ങളിൽ നിന്നും കനത്ത മലവെള്ളപ്പാച്ചിലും ഉണ്ടായതോടെ മേഖലയിൽ മിന്നൽ പ്രളയം രൂപപ്പെടുകയായിരുന്നു. പ്രദേശത്തെ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്.
റംബാൻ പ്രദേശത്ത് കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു -ശ്രീനഗർ ദേശീയ പാത അടച്ചിട്ടു. കത്ര-സംഗർ റെയിൽവേ സ്റ്റേഷനിൽ മണ്ണിടിച്ചിൽ മൂലം റെയിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയ്‌ക്കൊപ്പം ജമ്മുവിലുടനീളം ശക്തമായ കാറ്റും വീശുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ഭദർവയിലെ ശിവക്ഷേത്രവും പാണ്ഡു ഗുഹാക്ഷേത്രവും വെള്ളത്തിനടിയിലായി. കനത്ത മഴയെത്തുടർന്ന് മാതാ വൈഷ്ണോ ദേവി യാത്രയും നിർത്തിവച്ചിരിക്കുകയാണ്.
Discussion about this post