ഇസ്ലാമാബാദ് : പാകിസ്താനെ ദുരിതത്തിലാഴ്ത്തി ആഴ്ചകളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും. ഖൈബർ പഖ്തൂൺഖ്വയിലും പഞ്ചാബ് പ്രവിശ്യയിലും ആണ് വെള്ളപ്പൊക്കം കനത്ത നാശം വിതച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ തുടരുന്ന മഴയിൽ ഇതുവരെയായി 400ലധികം പേരാണ് മരിച്ചത്.
പഞ്ചാബിലെ സിന്ധു, ചെനാബ്, രവി, സത്‌ലജ് നദികളുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 24,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടെ 12 ഗ്രാമങ്ങൾ മുഴുവനായും തകർന്നു. വെള്ളപ്പൊക്കത്തിന് പിന്നാലെ അതിവേഗം പടരുന്ന രോഗബാധകളും മേഖലയിലെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്.
ഡസൻ കണക്കിന് മൃതദേഹങ്ങൾ ഇപ്പോഴും ചെളിയിലും പാറകളിലും കുടുങ്ങിക്കിടക്കുകയാണ് എന്നാണ് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കനത്ത യന്ത്രങ്ങൾ ഉപയോഗിച്ച് മാത്രമേ അവ വീണ്ടെടുക്കാൻ കഴിയൂ എന്നുള്ളതിനാൽ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല. വിവിധ മേഖലകളിലായി 500 ലേറെ വീടുകൾ പൂർണമായും തകർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post