ജയ്പുർ : രാജസ്ഥാൻ സ്വദേശിനിയുടെ പരാതിയിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുകോണിനുമെതിരെ കേസ്. അനിരുദ്ധ് നഗറിലെ താമസക്കാരിയായ കീർത്തി സിംഗ് തിങ്കളാഴ്ച മഥുര ഗേറ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. സാങ്കേതിക തകരാറുള്ള കാർ വിറ്റ് പണം തട്ടി എന്നാണ് ഷാരൂഖ് ഖാനും ദീപിക പദുകോണിനുമെതിരെയുള്ള കേസ്.
ബിഎൻഎസ് സെക്ഷൻ 312, 318, 316, 61, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 420, 406, 120 ബി എന്നിവ പ്രകാരമാണ് ഷാരൂഖിനും ദീപികക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിക്കാരിയായ കീർത്തി സിംഗ് ആദ്യം ഭരത്പൂരിലെ സിജെഎം കോടതി നമ്പർ 2 ൽ ഒരു സ്വകാര്യ പരാതി ഫയൽ ചെയ്യുകയായിരുന്നു. വിഷയം ഗൗരവമായി എടുത്ത കോടതി ഈ വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ മഥുര ഗേറ്റ് പോലീസ് സ്റ്റേഷനോട് ഉത്തരവിടുകയായിരുന്നു.
2022 ൽ ആണ് കീർത്തി സിംഗ് ഏകദേശം 24 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാർ വാങ്ങിയത്. ഇതിനായി 51,000 രൂപ അഡ്വാൻസ് നൽകുകയും 10 ലക്ഷത്തിലധികം രൂപ വായ്പ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ കാറിന് സാങ്കേതിക തകരാർ പ്രശ്നങ്ങൾ ഉണ്ടായി. പരാതിപ്പെട്ടപ്പോൾ, ഇത് ഒരു നിർമ്മാണ തകരാറാണെന്നും അത് പരിഹരിക്കാൻ കഴിയില്ലെന്നും ആണ് ഡീലർ മറുപടി നൽകിയത്. കമ്പനിയും ഡീലറും കാർ മാറ്റി നൽകുകയോ തകരാർ പരിഹരിച്ച് നൽകുകയോ ചെയ്തില്ല. ഇതോടെയാണ് കമ്പനിക്കും ഡീലർക്കും കമ്പനിയുടെ ബ്രാൻഡ് അംബാസിഡർമാരായ ഷാരൂഖ് ഖാനും ദീപിക പദുകോണിനും എതിരായി കീർത്തി സിംഗ് കോടതിയെ സമീപിച്ചത്.
Discussion about this post