സംഘം ആഗ്രഹിക്കുന്നിടത്തോളം കാലം പ്രവർത്തിക്കാൻ ഓരോ സ്വയം സേവകനും തയ്യാറാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. 75 വയസായാൽ വിരമിക്കണമെന്ന് താൻ പറഞ്ഞതായി പ്രചരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ വിരമിക്കുമെന്നോ മറ്റൊരാൾ വിരമിക്കണമെന്നോ ഞാനൊരിക്കലും പറഞ്ഞിട്ടില്ല. സംഘത്തിൽ എല്ലാവരും സ്വയം സേവകരാണ്. എല്ലാവർക്കും ഓരോ ചുമതല നൽകിയിരിക്കുന്നു.താത്പര്യമുണ്ടായാലും ഇല്ലെങ്കിലുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർസംഘചാലകിന്റെ വാക്കുകൾ.’ എനിക്ക് 80 വയസായെന്ന് കരുതുക..നാളെ സംഘം ഒരു ശാഖ നടത്താൻ പറയുകയാണെങ്കിൽ ഞാൻ അത് ചെയ്യണം. എനിക്ക് 75 വയസ് കഴിഞ്ഞു. അതിനാൽ എനിക്ക് വിരമിക്കൽ ആനുകൂല്യം ആസ്വദിക്കണമെന്ന് എനിക്കൊരിക്കലും പറയാൻ സാധിക്കില്ല. സംഘത്തിൽ ആനുകൂല്യങ്ങളില്ല. അതുപോലെ ഞാൻ 35 വയസുള്ളപ്പോൾ സംഘം നിങ്ങൾ കാര്യാലയത്തിൽ ചെന്നിരിക്കൂ എന്നാണ് പറയുന്നതെങ്കിൽ ഞാൻ അതും ചെയ്യണം. സംഘം എന്താണോ പറയുന്നത് അത് ഞങ്ങൾ ചെയ്യുന്നു. എനിക്കൊരിക്കലും പറയാൻ പറ്റില്ല,എനിക്ക് താത്പര്യം ഇന്നതാണ്,ഞാൻ അത് ചെയ്യാമെന്ന്. അത് സ്വയം സേവകർക്ക് അനുവദനീയമല്ല. വ്യക്തിപരമായി ഒന്നും നേടാനില്ലാത്തത് കൊണ്ട് അങ്ങനെ ചിന്തിക്കുകയുമില്ല. ഞാൻ സർസംഘചാലക് ആണ്..നിങ്ങൾ ചിന്തിക്കുന്നുണ്ടോ ഞാനാണ് സർസംഘചാലക് ചുമതല ഏറ്റെടുക്കാൻ പറ്റിയ ഒരേ ഒരാൾ എന്ന്? ഈ ഹാളിൽ തന്നെ പത്ത് പേരെങ്കിലും അതിന് അനുയോജ്യരായവരുണ്ട്. അവർ ഈ ഹാളിൽ തന്നെ ഇരിക്കുന്നുണ്ട്. ഏത് സമയത്തും അവർക്ക് ഈ ചുമതല ഏറ്റെടുത്ത് സംഘത്തെ മുന്നോട്ട് നയിക്കാം. പക്ഷേ അവരൊക്കെ തിരക്കിലാണ്. അവരുടെയൊക്കെ സംഭാവനകൾ വളരെ വിലപ്പെട്ടതുമാണ്. അത് കൊണ്ട് തന്നെ അവരൊന്നും ഈ ചുമതല ഏറ്റെടുക്കാൻ പറ്റിയ അവസ്ഥയിലല്ല. ഞാൻ മാത്രമാണ് ഇപ്പോൾ ആ അവസ്ഥയിലുള്ളത്. അപ്പോ,ഞാനോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ വിരമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. നമ്മൾ ജീവിതത്തിൽ നിന്ന് ഏത് സമയത്തും വിരമിക്കാൻ തയ്യാറാണ്. അത് പോലെ പ്രവർത്തിക്കാനും തയ്യാറാണ്. സംഘം അത് ആഗ്രഹിക്കുന്നിടത്തോളം കാലം. അത്രയേ ഉള്ളൂ.”
സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ് തികയും. ഈ ഘട്ടത്തിൽ മോദി പ്രധാനമന്ത്രി പദത്തിൽ തുടരുമോ എന്ന് ചിലർചോദ്യം ഉയർത്തിയിരുന്നു. ഇതിനിടെയാണ് സർസംഘചാലക്,അന്തരിച്ച ആർഎസ്എസ് സൈദ്ധാന്തികൻ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞ വാക്കുകളെ ചിലർ വളച്ചൊടിച്ചത്. 75 വയസ് തികഞ്ഞതിന് ശേഷം നിങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് പ്രായമായി, ഇപ്പോൾ നിർത്തണം, മ?റ്റുള്ളവർ അകത്തേക്ക് വരട്ടെ എന്ന് മോറോപന്ത് പിംഗ്ലെ ഒരിക്കൽ പറഞ്ഞിരുന്നു’ എന്നാണ് പ്രസംഗത്തിനിടെ ഭഗവത് പറഞ്ഞത്.
Discussion about this post