ന്യൂഡൽഹി : 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ ജിഡിപിയിൽ 7.8% വളർച്ച. പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമാണ് മൊത്ത ആഭ്യന്തര ഉത്പാദനം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 6.5 % വളർച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. രാജ്യത്തിന്റെ ബജറ്റ് കമ്മി 29.9% ആയി വർദ്ധിച്ചതായും പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നു.
ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനം വളർച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച പ്രധാനമായും കാർഷിക മേഖലയെ ആശ്രയിച്ചാണ് എന്നുള്ളതും ശ്രദ്ധേയമാണ്.
ഏപ്രിൽ-ജൂൺ കാലയളവിൽ ചൈനയുടെ ജിഡിപി വളർച്ച 5.2 ശതമാനമായിരുന്നതിനാൽ നിലവിൽ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുന്നു. ഈ മാസം ആദ്യം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2025-26 ലെ ആദ്യപാദ ജിഡിപി വളർച്ച 6.5 ശതമാനമായി പ്രവചിച്ചിരുന്നു. എന്നാൽ എല്ലാ പ്രവചനങ്ങളെയും മറികടന്ന് 7.8% വളർച്ച രേഖപ്പെടുത്തി ഇന്ത്യൻ ജിഡിപി ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
Discussion about this post