ഒത്തുചേർന്ന് മാറ്റത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വ്യക്തമാക്കി. ടിയാൻജിനിൽ നടക്കുന്ന എസ്സിഒ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുകയായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്.
ഗ്ലോബൽ സൗത്തിലെ പ്രധാന അംഗങ്ങളായ ചൈനയും ഇന്ത്യയും പൗരസ്ത്യ ലോകത്തെ രണ്ട് പുരാതന നാഗരികതകളാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ. ഇരുരാജ്യങ്ങളിലെയും ജനതയുടെയും ക്ഷേമം മെച്ചപ്പെടുത്തുക, വികസ്വര രാജ്യങ്ങളുടെ ഐക്യദാർഢ്യവും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുക, മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് നേതൃത്വം നൽകുക എന്നീ ചരിത്രപരമായ ഉത്തരവാദിത്വങ്ങൾ ഇരു രാജ്യങ്ങളും വഹിക്കുന്നു. നല്ല അയൽബന്ധവും സൗഹൃദബന്ധവുമുള്ള സുഹൃത്തുക്കളായി പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണം. ഡ്രാഗണും ആനയും ഒന്നിക്കണം. ഇതാണ് ഇരു രാജ്യങ്ങൾക്കും ഉചിതമായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര വിശ്വാസം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യ-ചൈന ബന്ധം ശുഭകരമായ ദിശയിലാണ്. മാനവരാശിയുടെ പുരോഗതിയ്ക്ക് പരസ്പര ബന്ധം ശക്തിപെടുത്തണം. അതിർത്തിയിൽ സ്ഥിരതയും സമാധാനവും ഉണ്ടായെന്നും മോദി പറഞ്ഞു. 55 മിനുറ്റാണ് നേതാക്കളുടെ കൂടിക്കാഴ്ച നീണ്ടത്.
കൈലാസ മാനസസരോവർ യാത്രയും ഇന്ത്യ- ചൈന നേരിട്ടുളള വിമാന സർവീസും പുനഃരാരംഭിക്കും. ഇക്കാര്യങ്ങൾ പരിഗണനയിലാണെന്നും യോഗത്തിൽ സംസാരിച്ചെന്നും മോദി പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. ലഡാക്ക് സംഘർഷത്തിന് ശേഷം 2018-ലായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദർശനം









Discussion about this post