ന്യൂഡൽഹി : കൂടുതൽ പേർക്ക് പൗരത്വം നൽകാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് പ്രഖ്യാപിച്ചു. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വം നൽകുക. മുസ്ലിം ഇതര വിഭാഗക്കാർക്ക് അപേക്ഷിക്കാവുന്നതാണ്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിൽ അഭയം തേടിയ ആയിരക്കണക്കിനാളുകൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. 2024 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിലേക്ക് കടന്ന അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് പൗരത്വം നൽകുക. സാധുവായ പാസ്‌പോർട്ടുകളോ യാത്രാ രേഖകളോ ഇല്ലാത്തതിന് പിഴയില്ലാതെ രാജ്യത്ത് തുടരാനും ഇവർക്ക് അനുവാദം ഉണ്ടാകും.
2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം ആണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. മതപരമായ പീഡനങ്ങളിൽ നിന്നോ അതിനെക്കുറിച്ചുള്ള ഭയത്തിൽ നിന്നോ ഇന്ത്യയിൽ അഭയം തേടാൻ നിർബന്ധിതരായവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പാകിസ്താനിൽ നിന്നുമുള്ള ക്രൂരതകൾ നേരിട്ട് ഇന്ത്യയിൽ അഭയം തേടിയ ഹിന്ദുക്കൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് ഈ തീരുമാനം ആശ്വാസകരമാണ്.
Discussion about this post