ബീജിങ് : ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകൾ ആദ്യമായി ഒരു അന്താരാഷ്ട്ര വേദിയിൽ. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ പരാജയപ്പെടുത്തിയതിന്റെ 80 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൈന നടത്തിയ സൈനിക പരേഡിൽ ആണ് കിം ജോങ് ഉന്നിന്റെ കൗമാരക്കാരിയായ മകൾ കിം ജു എയ് ആദ്യമായി ഒരു അന്താരാഷ്ട്ര പൊതു പരിപാടിയിൽ പങ്കെടുത്തത്. ഇതോടെ ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരിയും കിമ്മിന്റെ പിൻഗാമിയും മകൾ ആയിരിക്കുമെന്ന സൂചന ശക്തിപ്പെടുകയാണ്.
കിം ജു എയ്യുടെ ഉത്തരകൊറിയയ്ക്ക് പുറത്തുള്ള ആദ്യ പൊതുയാത്രയാണിത്. കവചിത ട്രെയിനിൽ പിതാവിനോടൊപ്പം ആണ് അവർ ചൈനയിൽ എത്തിയിരുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 13 വയസ്സ് പ്രായമാണ് ഈ പെൺകുട്ടിക്ക് ഉള്ളത്. 2022-ൽ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ വേളയിൽ ആണ് ഉത്തരകൊറിയയിൽ കിമ്മിനൊപ്പം മകൾ ഔദ്യോഗികമായി പൊതുജനത്തിനു മുൻപിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.
ചൈനയുമായും റഷ്യയുമായും ബന്ധം ശക്തിപ്പെടുത്തുന്ന കിം ജോങ് ഉന്നിന്റെ പ്രധാന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായുള്ള ഈ യാത്രയിൽ മകളും ഒപ്പം ചേർന്നത് കിമ്മിന്റെ പിൻഗാമി ആരായിരിക്കും എന്നുള്ള സൂചനയാണ് നൽകുന്നത്. ഉത്തരകൊറിയയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ നേതാവായി മാറാനുള്ള സാധ്യതയാണ് കിം ജു എയ്ക്ക് മുൻപിലുള്ളത്.









Discussion about this post