ന്യൂഡൽഹി : ഉൽപ്പന്ന സേവന നികുതി (ജിഎസ്ടി) നിരക്കുകളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വലിയ മാറ്റത്തിന് പിന്നാലെ കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി. ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് ബുധനാഴ്ച ജിഎസ്ടി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. പരോക്ഷ നികുതി നിരക്കുകളിൽ ജിഎസ്ടി കൗൺസിൽ ചരിത്രപരമായ പരിഷ്കാരമാണ് വരുത്തിയിരിക്കുന്നത്. സെപ്റ്റംബർ 22 നവരാത്രി ദിനം മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ബുധനാഴ്ച പത്തര മണിക്കൂർ നീണ്ടുനിന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമാണ് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ പുതിയ ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ചത്. രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം 175 ലധികം ഉൽപ്പന്നങ്ങൾക്ക് വില കുറയ്ക്കും. 12 ശതമാനത്തിന്റെയും 28 ശതമാനത്തിന്റെയും നികുതി ഘടനകൾ നിർത്തലാക്കി. ഈ നികുതി 5% വും 18% വും ആയി കുറച്ചു. കൂടാതെ ആഡംബര ഉൽപ്പന്നങ്ങൾക്കായി 40 ശതമാനത്തിന്റെ നികുതി ഘടനയും സൃഷ്ടിച്ചു.
അപൂർവ രോഗങ്ങൾക്കും ക്യാൻസറിനുമുള്ള മരുന്നുകൾ, അവശ്യഭക്ഷ്യവസ്തുക്കൾ എന്നിവയെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് പോളിസികൾ എന്നിവയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ആഡംബര കാറുകൾക്കും മദ്യം, പുകയില തുടങ്ങിയ ഹാനികരമായ വസ്തുക്കൾക്കും 40 ശതമാനം പ്രത്യേക നികുതി സ്ലാബ് സൃഷ്ടിച്ചിട്ടുണ്ട്.
Discussion about this post