റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെ കൂട്ടവേട്ടയുമായി സുരക്ഷാസേന. ആറ് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ദന്തേവാഡ, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിൽ വെച്ചാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
മേഖലയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒരു പ്രധാന യോഗം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്. പോലീസും സൈന്യവും ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ വീണ്ടും ശക്തമാക്കിയതിന്റെ ഭാഗമായി സൂക്ഷ്മ നിരീക്ഷണം തുടരുകയായിരുന്നു. ഈ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരർ യോഗം ചേരുന്നതായുള്ള വിവരം ലഭിക്കുകയും ഉടൻതന്നെ ഓപ്പറേഷൻ ആരംഭിക്കുകയും ആയിരുന്നു.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്. ഭീകരരുടെ മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കാം. ഏതാനും ദിവസങ്ങൾക്കു മുൻപ് കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മേഖലയിലെ കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ ദൗത്യം ശക്തിപ്പെടുത്തിയിരിക്കുകയാണ് സുരക്ഷാസേന.









Discussion about this post