ന്യൂഡൽഹി : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർദ്ധനവിന് പിന്നാലെ ഇന്ത്യ പുതിയ ചില കരാറുകളും നടപടികളും ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎഇയുമായുള്ള വ്യാപാര സഹകരണം വർദ്ധിപ്പിക്കാൻ മോദി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഫാർമ മേഖലയിൽ വ്യാപാരം വർദ്ധിപ്പിക്കും. ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മരുന്നുകൾ കയറ്റി അയച്ച് പിന്നീട് അവിടെ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി നടത്തുക എന്നുള്ളതാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിനായി ഇന്ത്യയും യുഎഇയും സ്വീകരിച്ചിട്ടുള്ള മറ്റൊരു സുപ്രധാന തീരുമാനം ട്രംപ് സർക്കാരിന് കനത്ത തിരിച്ചടി നൽകുന്നതാണ്. ഫാർമ വ്യാപാരം വർദ്ധിപ്പിക്കുമ്പോൾ ധനവിനിമയം ഡോളറിൽ വേണ്ട എന്നാണ് മോദി സർക്കാർ തീരുമാനിച്ചിട്ടുള്ളത്. രൂപയിലും ദിർഹത്തിലും വ്യാപാരം നടത്താൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ‘ലോകത്തിന്റെ ഫാർമസി’ എന്നറിയപ്പെടുന്ന രാജ്യമായ ഇന്ത്യ ആഗോളതലത്തിൽ നിരവധി രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റി അയയ്ക്കുന്നുണ്ട്. ഈ വ്യാപാരം യുഎഇ വഴിയാക്കി കൂടുതൽ ശക്തിപ്പെടുത്താനാണ് മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ജനറിക് മരുന്നുകളിലും വാക്സിൻ വിതരണത്തിലും ഇന്ന് ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ പങ്കുവഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ കാരണത്താൽ തന്നെയാണ് ട്രംപ് ഭരണകൂടം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കുള്ള തീരുവ 50 ശതമാനം ആയി ഉയർത്തിയപ്പോഴും ഫാർമസ്യൂട്ടിക്കൽ വിഭാഗത്തെ തീരുവ പരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നത്. യുഎഇയുമായുള്ള ഫാർമ വ്യാപാരങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയുമായി ഒരു യോഗം നടന്നിരുന്നു. വ്യാപാരം വർദ്ധിപ്പിക്കുന്നത് കൂടാതെ ആയുർവേദ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചും ഉന്നതതല പ്രതിനിധി സംഘം ചർച്ച ചെയ്തതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.
Discussion about this post