ഓണത്തിനിറങ്ങിയ ഒരു ഹിറ്റ് സിനിമയിൽ ‘ബ്ലഡ് മൂൺ’ ഒരു പ്രത്യേക പശ്ചാത്തലമായി കടന്നുവന്നിരുന്നത് നമ്മളിൽ പലരും കണ്ടിരുന്നു. ഇപ്പോഴിതാ അതേ ‘ബ്ലഡ് മൂൺ’ എന്ന അപൂർവ്വ ദൃശ്യം നമ്മുടെ ആകാശത്തു തന്നെ തെളിയാൻ പോവുകയാണ്. ചന്ദ്രഗ്രഹണങ്ങളിൽ തന്നെ സവിശേഷമായ രക്തചന്ദ്രഗ്രഹണം ഇന്ന് രാത്രിയാണ് സംഭവിക്കുന്നത്. ഏതാനും മണിക്കൂറുകൾ കൂടി മാത്രമാണ് ഇനി ഈ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകാൻ ബാക്കിയുള്ളത്.
ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം കൂടിയാണ് ഇന്ന് നടക്കുന്ന രക്ത ചന്ദ്രഗ്രഹണം. കൂടാതെ ഇന്ത്യയിൽ നിന്നും ഈ പൂർണ്ണചന്ദ്രഗ്രഹണം കൃത്യമായി ദൃശ്യമാകും എന്നുള്ളത് ഈ വർഷത്തെ സവിശേഷതയാണ്. സെപ്റ്റംബർ 7ന് ഇന്ത്യൻ സമയം രാത്രി 09:58ന് ചന്ദ്രഗ്രഹണം ആരംഭിക്കും. സെപ്റ്റംബർ 8ന് പുലർച്ചെ 01:26ന് ചന്ദ്രഗ്രഹണം അവസാനിക്കുന്നതാണ്. രാത്രി 11നും 12:22നും ഇടയിലായിരിക്കും ഇന്ത്യയിൽ രക്തചന്ദ്രഗ്രഹണം കൃത്യമായി ദൃശ്യമാവുക.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ നീങ്ങുമ്പോൾ ചന്ദ്രോപരിതലത്തിൽ നിഴൽ വീഴ്ത്തുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രോപരിതലത്തിൽ നിഴൽ വീഴുന്നതിനാൽ ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചുവപ്പും ഓറഞ്ചും കലർന്ന തിളക്കത്തോടെ ആയിരിക്കും ചന്ദ്രൻ ദൃശ്യമാവുക. ചന്ദ്രഗ്രഹണം പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ വീക്ഷിക്കാൻ കഴിയുന്നതാണ്. എന്നാൽ ചന്ദ്രനിലെ ഗർത്തങ്ങളോ ചുവന്ന ഗ്രേഡിയന്റോ പോലുള്ള സൂക്ഷ്മ ദൃശ്യങ്ങൾ കാണണമെങ്കിൽ ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിക്കേണ്ടതുണ്ട്.
ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ഇന്ന് ഗുരുവായൂരിലും ശബരിമലയിലും ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ നേരത്തെ നട അടക്കും. ഹിന്ദുമതത്തിൽ, ഗ്രഹണ സമയം അശുദ്ധമായ ഒരു കാലഘട്ടമായി കണക്കാക്കപ്പെടുന്നു, ഇതിനെ ‘സൂതക കാലം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ സമയത്ത്, രാഹു, കേതു തുടങ്ങിയ നിഴൽ ഗ്രഹങ്ങൾ ചന്ദ്രനെ (അല്ലെങ്കിൽ സൂര്യനെ) ബാധിക്കുമെന്നും ഇത് നെഗറ്റീവ് എനർജിയുടെ പ്രഭാവം വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ കാരണത്താലാണ് ക്ഷേത്രനടകൾ ഗ്രഹണത്തിന് മുൻപായി അടയ്ക്കുന്നത്.
Discussion about this post