ന്യൂഡൽഹി : ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാജിവച്ച് രണ്ട് മാസത്തിന് ശേഷമാണ് പുതിയ ഉപരാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ആണ് ഭരണകക്ഷിയായ എൻ.ഡി.എ.യുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡി പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായും മത്സരിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച്, രാവിലെ 10.00 നും വൈകുന്നേരം 5.00 നും ഇടയിൽ വോട്ടെടുപ്പ് നടക്കും. ഇതിനുശേഷം വൈകാതെ തന്നെ വോട്ടെണ്ണൽ ആരംഭിക്കും.ലോക്സഭയിലെ 543 എംപിമാർക്കും രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 233 എംപിമാർക്കും, നാമനിർദ്ദേശം ചെയ്യപ്പെട്ട 12 എംപിമാർക്കും ആണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയുക.
ലോക്സഭയിലും രാജ്യസഭയിലുമായി ആകെ 788 വോട്ടുകളാണ് ഉള്ളത്. ഭരണഘടനയുടെ ആർട്ടിക്കിൾ 66 ൽ പരാമർശിച്ചിരിക്കുന്ന പ്രകാരമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. മറ്റു തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമാണ് രാജ്യത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രഹസ്യ ബാലറ്റ് പേപ്പറിൽ ഓരോ വോട്ടറും സ്ഥാനാർത്ഥികളുടെ പേരുകൾക്ക് മുന്നിൽ 1, 2, 3, 4 പോലുള്ള മുൻഗണന നമ്പറുകൾ രേഖപ്പെടുത്തിയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. നിലവിൽ രണ്ട് സ്ഥാനാർത്ഥികൾ മാത്രമുള്ളതിനാൽ ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയിട്ടുള്ള പേരിന് നേരെ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്ക് 1 എന്നും അടുത്ത സ്ഥാനാർത്ഥിക്ക് 2 എന്നും രേഖപ്പെടുത്തുന്നതാണ്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പ്രത്യേക പേനയാണ് ഉപയോഗിക്കുക. നമ്പറുകൾ റോമൻ ലെറ്ററിൽ തന്നെ രേഖപ്പെടുത്തണമെന്നും നിർബന്ധമുണ്ട്.
Discussion about this post