ലേ : ലഡാക്കിലെ സിയാച്ചിൻ സൈനിക ബേസ് ക്യാമ്പിൽ ഹിമപാതം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. അപകടത്തിൽ ഉൾപ്പെട്ട മറ്റൊരു സൈനികനെ രക്ഷപ്പെടുത്തി. വീരമൃത്യു വരിച്ച സൈനികരിൽ രണ്ടുപേർ അഗ്നിവീറുകളാണ്.
അപകടം പെട്ടെന്നാണ് സംഭവിച്ചതെന്നും രക്ഷാപ്രവർത്തകർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ക്യാമ്പിൽ ഉണ്ടായിരുന്ന മറ്റ് സൈനികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സൈനികരുടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
സിയാച്ചിൻ മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോൾ സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധമേഖലയാണ് സിയാച്ചിൻ ഹിമാനി. പലപ്പോഴും ഇവിടെ താപനില മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെ ആകാറുണ്ട്. ഇന്ത്യ-പാക് നിയന്ത്രണ രേഖയ്ക്ക് സമീപം 78 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന സിയാച്ചിൻ ഹിമാനിയിൽ ഒരു വശത്ത് പാകിസ്താനും മറുവശത്ത് ചൈനയുടെ അതിർത്തിയായ അക്സായി ചിന്നും ആണ്. തന്ത്രപരമായി ഏറെ പ്രധാനപ്പെട്ട സിയാച്ചിനിൽ 1984 മുതൽ ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post