ന്യൂഡൽഹി : ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അറസ്റ്റിൽ. ബൊക്കാറോ ജില്ലയിലെ പെറ്റ്വാർ സ്വദേശിയായ അഷർ ഡാനിഷ് ആണ് പിടിയിലായത്. ഡൽഹി സ്പെഷ്യൽ സെൽ, ജാർഖണ്ഡ് എടിഎസ്, റാഞ്ചി പോലീസ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് റാഞ്ചിയിൽ നിന്നും ഐസിസ് ഭീകരനെ പിടികൂടിയത്.
ഡൽഹിയിൽ ഇയാൾക്കെതിരെ തീവ്രവാദ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി സ്പെഷ്യൽ സെൽ സംഘം വളരെക്കാലമായി അയാളെ തിരഞ്ഞു വരികയായിരുന്നു. ഡൽഹിയിൽ നിന്ന് മറ്റൊരു ഐസിസ് ഭീകരനെന്ന് സംശയിക്കുന്ന അഫ്താബിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അഷർ ഡാനിഷിനെ റാഞ്ചിയിൽ നിന്നും പിടികൂടുന്നത്.
ഇന്ത്യ ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 12 ലധികം സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസികളും സ്പെഷ്യൽ സെല്ലുകളും റെയ്ഡുകളും തിരച്ചിൽ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. സംശയിക്കപ്പെടുന്ന പത്തോളം പേരെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു വന്നിരുന്നവരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
Discussion about this post