ഡെറാഡൂൺ : ദുരന്തബാധിതമായ ഉത്തരാഖണ്ഡിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഗവർണർ ലെഫ്റ്റനന്റ് ജനറൽ ഗുർപ്രീത് സിംഗ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഉത്തരാഖണ്ഡിലെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട മൂന്ന് അവലോകന യോഗങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു. തുടർന്ന് ഉത്തരാഖണ്ഡിന് പ്രധാനമന്ത്രി 1200 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിലെ ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് റദ്ദാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പിഎം കെയർ ഫോർ ചിൽഡ്രൻ പദ്ധതി പ്രകാരം പൂർണ്ണ സഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ദുരിതബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ എത്രയും പെട്ടെന്ന് തന്നെ പുനർ നിർമ്മിക്കുകയും പുനസ്ഥാപിക്കുകയും ചെയ്യും. ദുരന്തബാധിതരായ കുടുംബങ്ങളുമായും എസ്ഡിആർഎഫ്, എൻഡിആർഎഫ്, ആപ്ദ മിത്ര വളണ്ടിയർമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കേന്ദ്ര സംഘങ്ങൾ നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ടെന്നും റിപ്പോർട്ടിന് ശേഷം കൂടുതൽ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post