ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഈ ചടങ്ങിൽ ഏറെ ശ്രദ്ധ നേടിയത് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആണ്. ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും രാജിവച്ചതിനുശേഷം ആദ്യമായാണ് അദ്ദേഹം ഒരു പൊതു വേദിയിൽ രക്ഷപ്പെടുന്നത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാജിവെച്ച ജഗ്ദീപ് ധൻഖർ കഴിഞ്ഞ ഒന്നരമാസത്തോളമായി വിശ്രമത്തിൽ ആയിരുന്നു. ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ജൂലൈ 21 ന് ശേഷം ആദ്യമായാണ് അദ്ദേഹം ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.
പുതിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന് സ്നേഹാലിംഗനത്തോടെ ആണ് ജഗ്ദീപ് ധൻഖർ ആശംസകൾ അറിയിച്ചത്. അതിഥികളുടെ ആദ്യ നിരയിൽ ആയിരുന്നു ജഗ്ദീപ് ധൻഖർ ഉണ്ടായിരുന്നത്. നേരത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയത്തിന് അദ്ദേഹം സിപി രാധാകൃഷ്ണനെ അഭിനന്ദിച്ചിരുന്നു. സി പി രാധാകൃഷ്ണന്റെ പൊതുജീവിതത്തിലെ വിപുലമായ പരിചയസമ്പത്ത് കാരണം ഉപരാഷ്ട്രപതി പദവിക്ക് കൂടുതൽ ബഹുമാനവും അന്തസ്സും ലഭിക്കുമെന്ന് ജഗ്ദീപ് ധൻഖർ അഭിപ്രായപ്പെട്ടു.
Discussion about this post