കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അവതരിപ്പിച്ച വാർഷിക ടോൾ പാസ് രീതിയെ അഭിനന്ദിച്ച് രംഗത്തെത്തി ആളുകൾ. രാജ്യത്തെ വാഹനഉപയോക്താക്കൾക്ക് തടസരഹിതവും ചെലവ് കുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനായി പ്രഖ്യാപിച്ച വാർഷിക പാസിനെയും അതിന് നേതൃത്വം നൽകിയ ഗതാഗത മന്ത്രിയെയും അഭിനന്ദിച്ച് പ്രസാദ് പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാവുകയാണ്. വാർഷിക പാസ് കാരണം തനിക്ക് പതിനായിരത്തിലധികം രൂപ ലാഭം ലഭിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം
അഭിനന്ദനങ്ങൾ; ബഹു. നിതിൻ ഗഡ്കരി.
ഇന്ത്യയുടെ കേന്ദ്ര ഗതാഗത മന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒരു വർഷം കുറഞ്ഞത് ആറുപ്രാവശ്യമെങ്കിലും തൃശൂർ, ബാംഗ്‌ളൂർ കാർ യാത്ര നടത്തുന്ന എനിക്ക് അങ്ങോട്ടും, ഇങ്ങോട്ടുമുള്ള പന്ത്രണ്ട് യാത്രകൾക്ക് മാത്രമായി നാളിതുവരെ ഏതാണ്ട് പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ(12500) ടോൾ കൊടുക്കണമായിരുന്നു. ഇത് കൂടാതെ നടത്തുന്ന അനേകം യാത്രകളും കൂടി കൂട്ടിയാൽ ഒരു വർഷം ഏകദേശം പതിനാറായിരത്തിനും ഇരുപതിനായിരത്തിനും (16000 – 20000) ഇടയിൽ ടോൾ കൊടുത്താണ് ഇന്നുവരെ യാത്രകൾ ചെയ്തത്.
തൃശൂരിൽ നിന്ന് ബാംഗ്ലൂർ വരെയെത്താൻ ഏതാണ്ട് മൂവായിരത്തി ഒരുനൂറ്(3100) രൂപയുടെ പെട്രോൾ മതിയെങ്കിൽ ഒരു വശത്തേയ്ക്ക് ടോളിനായി മാത്രം ഞാൻ അതിന്റെ പകുതിയോളം – 1054 രൂപ കൊടുക്കണമായിരുന്നു.
എന്നാൽ ഈ കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ച് മുതൽ സ്വകാര്യ കാറുകൾക്ക് മൂവായിരം രൂപ(3000) ഒറ്റത്തവണ വാർഷിക ചാർജ്ജായി അടച്ചാൽ ലഭിക്കുന്ന വാർഷിക പാസ് കൊണ്ട് എനിക്ക് ഇന്ത്യയിൽ എവിടെയും 365 ദിവസത്തിനുള്ളിൽ 200 തവണ ടോൾ കൊടുക്കാതെ പോകാനുള്ള അനുവാദം നൽകിയതിന്റെ പ്രയോജനം എന്താണെന്ന് ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന സ്‌ക്രീൻ ഷോട്ട് നോക്കിയാൽ മതി. ഒരു ടോൾ ഗേറ്റിലും നയാപൈസ കൊടുക്കേണ്ടി വന്നില്ല എന്ന് കാണാവുന്നതാണ്.
ചുരുക്കത്തിൽ ബഹു. ഗതാഗത മന്ത്രിയുടെ പുതിയ തീരുമാനം കൊണ്ട് ഒരുവർഷത്തിൽ എനിക്കുണ്ടാവുന്ന ലാഭം ഏതാണ്ട് പതിനാലായിരം – പതിനേഴായിരം രൂപയാണ്. വാർത്ത കേട്ടപ്പോൾ മുതൽ അത് പ്രാവർത്തികമാവുന്ന ദിനം നോക്കിയിരുന്ന്; 3000 രൂപയുടെ പാസ് എടുക്കാൻ തോന്നിയതിന്റെ ഗുണമാണ് അത്.
എന്നെപ്പോലെ വർഷത്തിൽ അനേകതവണ കൂടിയ ടോൾ കൊടുത്ത് ദീർഘദൂര യാത്രകൾ നടത്തുന്നവർക്ക് അത് എത്രമാത്രം ഗുണകരമാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ?
ദേശീയപാത അതോറിറ്റികൾക്ക് കീഴിൽവരുന്ന ദേശീയപാത, ദേശീയ അതിവേഗപാതകളിലെ ടോൾ പ്ലാസകൾ എന്നിവിടങ്ങളിലാണ് ഫാസ്ടാഗിന്റെ വാർഷികപാസ് ഉപയോഗിക്കാൻ അനുവദിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെയും ബ്ലോക്കുകളുടെയും കീഴിലുള്ള ടോൾ പ്ലാസകളിൽ സാധാരണ ഫാസ്ടാഗ് വഴി ടോൾ നൽകേണ്ടിവരുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. 200 ട്രിപ്പ് പൂർത്തിയായാൽ വാർഷികപാസ്, സാധാരണ ഫാസ്ടാഗ് രീതിയിലേക്കു മാറും. വീണ്ടും വാർഷിക പാസെടുത്ത് റീ ആക്ടിവേറ്റ് ചെയ്യാം.
രാജ്മാര്‍ഗ് ആപ്പിലും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.nhai.gov.in, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റായ www.morth.nic.in എന്നിവ മുഖേനയും വാര്‍ഷിക പാസ് ലഭിക്കും. നിലവില്‍ ഫാസ്ടാഗ് ഉണ്ടെങ്കില്‍ പുതിയൊരെണ്ണം വാങ്ങേണ്ട ആവശ്യമില്ല. അംഗീകൃത പോര്‍ട്ടല്‍ വഴിയോ ആപ്പ് വഴിയോ 3,000 രൂപ ഫീസ് അടച്ചശേഷം നിങ്ങളുടെ വാര്‍ഷിക പാസ് നിലവിലുള്ള ടാഗുമായി ബന്ധിപ്പിക്കാം. വാണിജ്യേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ പോലുള്ള സ്വകാര്യ വാഹനങ്ങള്‍ക്കായാണ് വാര്‍ഷിക പാസ് നടപ്പാക്കുന്നത്.
Discussion about this post