റാഞ്ചി : ജാർഖണ്ഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 3 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഏറെ കുപ്രസിദ്ധനായ കമ്മ്യൂണിസ്റ്റ് ഭീകരൻ സഹ്ദേവ് സോറനും രണ്ട് കൂട്ടാളികളും ആണ് കൊല്ലപ്പെട്ടത്. ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഭീകരനാണ് സഹ്ദേവ് സോറൻ. സംയുക്ത സുരക്ഷാസേനയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസ് ജവാന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നക്സൽ ബാധിത ജില്ലകളിൽ സുരക്ഷാ സേന തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ജാർഖണ്ഡിലെ വിവിധ ജില്ലകളിലായി സുരക്ഷാസേന നടത്തിയ ദൗത്യത്തിന്റെ ഭാഗമായാണ് തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം സഹ്ദേവ് സോറനെ വകവരുത്തിയിരിക്കുന്നത്.
നക്സലൈറ്റ് കമാൻഡർമാരായ ചഞ്ചൽ എന്ന രഘുനാഥ് ഹെംബ്രാം, രാംഖേലവൻ എന്ന ബിർസെൻ ഗഞ്ച് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ. ഇവരിൽ
രഘുനാഥ് ഹെംബ്രാമിന്റെ തലയ്ക്ക് 25 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കോബ്ര ബറ്റാലിയൻ, ഗിരിധി, ഹസാരിബാഗ് പോലീസ് എന്നിവരുടെ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഈ മൂന്നംഗസംഘം കൊല്ലപ്പെട്ടത്. കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരായുള്ള വേട്ട സുരക്ഷാസേന തുടർന്നുവരികയാണ്.
Discussion about this post