ടെൽ അവീവ് : ലോകത്തിലെ തന്നെ ആദ്യത്തെ ലേസർ അധിഷ്ഠിത ഇന്റർസെപ്ഷൻ സിസ്റ്റം ‘അയൺ ബീം’ പ്രവർത്തനക്ഷമമായതായി പ്രഖ്യാപിച്ച് ഇസ്രായേൽ. മിസൈലുകളെയും ഡ്രോണുകളെയും ഒരുപോലെ തടയാൻ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമാണിത്. ആകാശമാർഗം രാജ്യത്തിന് നേരെ വരുന്ന ഭീഷണികളെ തടയാൻ വിലയേറിയ മിസൈലുകൾ ഉപയോഗിക്കുന്ന പരമ്പരാഗത സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, റോക്കറ്റുകൾ, ഡ്രോണുകൾ, മോർട്ടാറുകൾ എന്നിവയെ നിർവീര്യമാക്കാൻ അയൺ ബീം ഒരു ലേസർ ബീം ആണ് ഉപയോഗിക്കുന്നത്.
പരമ്പരാഗത മിസൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങളെ അപേക്ഷിച്ച് ചിലവ് വളരെ കുറവാണ് എന്നുള്ളതാണ് അയൺ ബീമിന്റെ പ്രധാന സവിശേഷത. ഓരോ ലേസർ ബീം ഷോട്ടിനും രണ്ട് ഡോളർ മാത്രമാണ് ചിലവ് വരുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം ലേസർ അധിഷ്ഠിത വ്യോമപ്രതിരോധ സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. 2024 ഒക്ടോബറിൽ തെക്കൻ ലെബനനിൽ ഹിസ്ബുള്ളയുമായി പോരാടുന്നതിനിടെ കൊല്ലപ്പെട്ട ഈഗോസ് കമാൻഡോ യൂണിറ്റിലെ കമാൻഡറായ 22 കാരനായ കമാൻഡർ ഏയ്‌റ്റൻ ഓസ്റ്ററിന്റെ പേരാണ് പുതിയ വ്യോമപ്രതിരോധ സംവിധാനത്തിന് ഇസ്രായേൽ നൽകിയിരിക്കുന്നത്. ഹീബ്രുവിൽ സിസ്റ്റത്തിന്റെ പേര് Or Eitan (Eitan’s Light) എന്ന് പുനർനാമകരണം ചെയ്തതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ DDR&D-യിൽ ജോലി ചെയ്യുന്ന ഓസ്റ്ററിന്റെ പിതാവ് അയൺ ബീം പദ്ധതിയുടെ ‘തുടക്കക്കാരിലും ഡെവലപ്പർമാരിലും ഉൾപ്പെട്ടിരുന്ന വ്യക്തിയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഉയർന്ന ശക്തിയുള്ള ലേസർ സിസ്റ്റത്തിന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി, നിരവധി ആഴ്ചകൾ നീണ്ടുനിന്ന വിപുലമായ പ്രവർത്തന പരീക്ഷണ പരമ്പര വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രായേൽ പ്രതിരോധ ഗവേഷണ വികസന ഡയറക്ടറേറ്റ് (ഡിഡിആർ & ഡി), ഇസ്രായേലി വ്യോമസേന, റാഫേൽ പ്രതിരോധ സ്ഥാപനം എന്നിവ അറിയിച്ചു. പരീക്ഷണഘട്ടത്തിൽ റോക്കറ്റുകൾ, മോർട്ടാറുകൾ, ഡ്രോണുകൾ എന്നിവ അയൺ ബീം തകർത്തതായും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. അയൺ ഡോമിനെയോ ഇസ്രായേലിന്റെ മറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളെയോ മാറ്റിസ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളതല്ല അയൺ ബീമെന്നും ഇസ്രായേൽ വ്യക്തമാക്കി. ലേസറിന് സ്ഥിരമായ ഒരു ഊർജ്ജ സ്രോതസ്സ് ഉള്ളിടത്തോളം പരമ്പരാഗത മിസൈൽ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഉണ്ടാകുന്നതുപോലെയുള്ള ആയുധക്ഷാമം ഉണ്ടാകാൻ ഇടയില്ല എന്നുള്ളതിനാൽ ഇതൊരു ഗെയിം ചേഞ്ചർ ആണെന്നും ഇസ്രായേൽ പ്രതിരോധസേന വ്യക്തമാക്കി.
Discussion about this post