കാലിഫോർണിയ : യുഎസിൽ കാലിഫോർണിയ പോലീസിന്റെ വെടിയേറ്റ് ഇന്ത്യൻ ടെക്കി കൊല്ലപ്പെട്ടു. തെലങ്കാനയിലെ മഹാബൂബ്‌നഗർ ജില്ലയിൽ നിന്നുള്ള 29 കാരനായ സോഫ്റ്റ്‌വെയർ പ്രൊഫഷണലായ മുഹമ്മദ് നിസാമുദ്ദീൻ ആണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. കൂടെ താമസിച്ചിരുന്ന വ്യക്തിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതോടെയാണ് കാലിഫോർണിയ പോലീസ് ഇയാളെ വെടിവെച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സെപ്റ്റംബർ മൂന്നിന് കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ വെച്ചാണ് സംഭവം നടന്നത്. ബിരുദാനന്തര ബിരുദ പഠനത്തിനായാണ് മരിച്ച മുഹമ്മദ് നിസാമുദ്ദീൻ അമേരിക്കയിലേക്ക് എത്തിയിരുന്നത്. 2016 മുതൽ സാന്താ ക്ലാരയിലാണ് അദ്ദേഹം താമസിക്കുന്നത്. കൊല്ലപ്പെട്ട നിസാമുദ്ദീന്റെ മൃതദേഹം കാലിഫോർണിയയിലെ ഒരു ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സെപ്റ്റംബർ 18 ന് മാത്രമാണ് മകന്റെ മരണത്തെ കുറിച്ചുള്ള വിവരം തങ്ങളെ അറിയിച്ചത് എന്നാണ് നിസാമുദ്ദീന്റെ കുടുംബം വ്യക്തമാക്കുന്നത്. കൊലപാതകത്തിൽ വംശീയ വിവേചനമുണ്ടെന്ന് പിതാവ് മുഹമ്മദ് ഹസ്നുദ്ദീൻ ആരോപിച്ചു. സംഭവത്തിൽ ഇന്ത്യൻ സർക്കാരിന്റെ അന്വേഷണം വേണമെന്നും
മകന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്നും
മുഹമ്മദ് നിസാമുദ്ദീന്റെ പിതാവ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർത്ഥിച്ചു.









Discussion about this post