ഇന്ത്യയെ മുറിവേൽപ്പിച്ച പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരുമണിക്ക് നടത്തിയെന്നതിന് വിശദീകരണവുമായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ.
സിവിലിയൻ നഷ്ടം പരമാവധി കുറയ്ക്കാനും ഇരുട്ടിൽ ചിത്രങ്ങൾ പകർത്താനും കഴിയുമെന്നുള്ള ഇന്ത്യൻ സേനയുടെ ആത്മവിശ്വാസമാണ് ആ സമയം തിരഞ്ഞെടുക്കാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. 2019ൽ ബാലാക്കോട്ടെ ആക്രമണത്തിന്റെ സമയത്ത് നമുക്ക് ഉപഗ്രഹ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ, ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ഇരുട്ടിൽ ചിത്രങ്ങളെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ ഉപഗ്രഹ ചിത്രങ്ങളെടുക്കാമെന്ന ആത്മവിശ്വാസവും സിവിലിയൻ നഷ്ടം കുറയ്ക്കണമെന്ന ആഗ്രഹവും ആണ് ആ സമയം തിരഞ്ഞെടുക്കാൻ കാരണം. പ്രാർത്ഥനകൾക്കും മറ്റുമായി അതിരാവിലെ എഴുന്നേൽക്കുന്ന സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ കൂടിയാണ് ആ സമയം തിരഞ്ഞെടുത്തത്. പുലർച്ചെ അഞ്ചരയ്‌ക്കോ ആറുമണിക്കോ ഉള്ള സമയം ആക്രമണത്തിനു തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ അപ്പോഴാണ് ആദ്യ പ്രാർത്ഥനയ്ക്കായി ആളുകൾ ഒരുങ്ങുന്നത്. അങ്ങനെവരുമ്പോൾ നിരവധിപ്പേർ കൊല്ലപ്പെട്ടേക്കാം. അതു പൂർണമായി ഒഴിവാക്കണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം.
പുതിയ തരത്തിലുള്ള യുദ്ധമുറയാണ് അന്ന് കൊണ്ടുവന്നത്. പരമ്പരാഗത യുദ്ധത്തിൽ ചെയ്യുന്ന ഭൂമി പിടിച്ചെടുക്കൽ, ആയുധങ്ങൾ നശിപ്പിക്കൽ, യുദ്ധത്തടവുകാരെ പിടിച്ചെടുക്കൽ, സൈനികരെ വധിക്കൽ തുടങ്ങിയവയിൽ ഇന്നുവരെ നമ്മൾത്തന്നെയാണ് വിജയിച്ചുനിൽക്കുന്നത്. ഇത്തവണ നമ്മുടെ വിജയത്തിന്റെ മെട്രിക്‌സിലൊന്ന് നമ്മൾ നടത്തിയ ആക്രമണത്തിന്റെ സങ്കീർണതയാണ്. രാത്രിയിൽ ദീർഘദൂര ലക്ഷ്യങ്ങളിലേക്കുള്ള കൃത്യമായ സ്‌ട്രൈക്കുകൾക്ക് പ്രത്യേക പരിശ്രമം ആവശ്യമായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഓരോ ഘട്ടത്തിലും നമ്മൾ പാകിസ്താൻ തോൽപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post