തൃശൂര്‍:സിപിഎമ്മിന് തിരിച്ചടിയായി വടക്കാഞ്ചേരി നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത. പിന്മാറ്റം ആരോഗ്യ കാരണങ്ങളാലും സിനിമാതിരക്കുകള്‍ മൂലമെന്നും കെപിഎസി ലളിത അറിയിച്ചു.പ്രതിഷേധങ്ങള്‍ ഭയന്നല്ല പിന്മാറുന്നത്.പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ലെന്നും കെപിഎസി ലളിത അറിയിച്ചു.
അതേസമയം എന്ത് എതിര്‍പ്പുകള്‍ ഉണ്ടായാലും കെപിഎസി ലളിതെ തന്നെ മത്സരിപ്പിക്കുമെന്ന നിലപാടിലായിരുന്നു സിപിഎം സംസ്ഥാന നേതൃത്വം. ഇന്ന് രാവിലെ ലളിതയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണമാവുമെന്ന് പിണറായി വിജയനും പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് താന്‍ മത്സരിക്കുന്നില്ലെന്ന് കെപിഎസി ലളിത അറിയിച്ചത്.. ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വടക്കാഞ്ചേരിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.നൂലില്‍ കെട്ടിയിറിക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നും, താരങ്ങളെ ആവശ്യമില്ലെന്നും കാണിച്ച് അന്‍പതോളം പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത് പാര്‍ട്ടിക്കാരല്ലെന്നാണ് സിപിഎം നേതൃത്വം പറഞ്ഞിരുന്നത്.
സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ജില്ല കമ്മറ്റി നിര്‍ദ്ദേശിച്ച പേര് അവഗണിച്ച് കെപിഎസി ലളിതയെ വടക്കാഞ്ചേരിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. താന്‍ കമ്മ്യൂണിസ്റ്റ് കാരിയാണെന്നും എതിര്‍പ്പുകള്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും കെപിഎസ് ലളിത കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നു. വടക്കാഞ്ചേരിയിലേക്ക് അവര്‍ അടുത്ത ദിവസം എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെപിഎസി ലളിത സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയത് സിപിഎമ്മിന് തുടര്‍ന്നും പ്രതിസന്ധികള്‍ ഉണ്ടാക്കും. മറ്റ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സമാനമായ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഇതിന് ശക്തിപകരുമെന്നാണ് വിലയിരുത്തല്‍.
Discussion about this post