ലഖ്‌നൗ : അയോധ്യയിലെ തർക്ക മന്ദിരത്തിന് പകരമായി സുപ്രീംകോടതി അനുവദിച്ച ഭൂമിയിൽ മസ്ജിദ് പദ്ധതി നിർമിക്കുന്നത് ഇനിയും വൈകുമെന്ന് റിപ്പോർട്ട്. മസ്ജിദും ആശുപത്രിയും ഉൾപ്പെടുന്ന ഈ പുതിയ പദ്ധതിക്ക് നിരവധി സർക്കാർ വകുപ്പുകളിൽ നിന്നും എൻഒസി ലഭിച്ചിട്ടില്ല എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. അയോധ്യയിലെ ഒരു പ്രധാന സ്ഥലത്ത് പള്ളിയും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുന്നതിനായി സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി അനുവദിക്കണമെന്ന് 2019 നവംബർ 9 ലെ വിധിന്യായത്തിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2020 ഓഗസ്റ്റ് 3 ന് ഉത്തർപ്രദേശ് സർക്കാർ ഈ 5 ഏക്കർ ഭൂമി സുന്നി സെൻട്രൽ വഖഫ് ബോർഡിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ മസ്ജിദ് നിർമ്മാണ പദ്ധതി വൈകുന്നതിനെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ആണ് വിവരാവകാശ രേഖകൾ തേടിയത്.
അയോധ്യയിൽ പുതിയ ക്ഷേത്രവും പുതിയ മസ്ജിദും നിർമ്മിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകിയിട്ട് ആറ് വർഷങ്ങളാവുകയാണ്. എന്നാൽ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും മസ്ജിദ് പദ്ധതി ഇതുവരെയും യാഥാർത്ഥ്യമായിട്ടില്ല. എന്തുകൊണ്ടാണ് ഈ പദ്ധതി പൂർത്തിയാക്കാത്തത് എന്നതിനെ കുറിച്ച് നൽകിയ വിവരാവകാശ രേഖപ്രകാരം ലഭിച്ചിരിക്കുന്ന മറുപടി വ്യക്തമാക്കുന്നത് മസ്ജിദ് പദ്ധതിക്ക് നിരവധി എൻഒസികൾ ലഭിച്ചിട്ടില്ല എന്നുള്ളതാണ്. മസ്ജിദും ആശുപത്രിയും കൂടി നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ ലേ ഔട്ടിലെ പാകപ്പിഴകളും അപ്രോച്ച് റോഡിന്റെ വീതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ലാത്തത്.
പൊതുമരാമത്ത്, മലിനീകരണ നിയന്ത്രണം, സിവിൽ ഏവിയേഷൻ, ജലസേചനം, റവന്യൂ, മുനിസിപ്പൽ കോർപ്പറേഷൻ, ഫയർ സർവീസസ് തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള എൻഒസികൾ ഈ പദ്ധതിക്ക് ലഭ്യമായിട്ടില്ല. നിർദ്ദിഷ്ട പള്ളിക്കും ആശുപത്രി കെട്ടിടത്തിനും മാനദണ്ഡങ്ങൾ അനുസരിച്ച് അപ്രോച്ച് റോഡിന് കുറഞ്ഞത് 12 മീറ്റർ വീതി ഉണ്ടായിരിക്കണം. അതേസമയം സ്ഥലത്തെ പ്രധാന റോഡിന് 6 മീറ്റർ വീതിയും പള്ളിയുടെ അപ്പ്രോച്ച് റോഡിന് നാല് മീറ്റർ വീതിയും മാത്രമാണ് ഉള്ളത്. ഈ റോഡിന്റെ വീതി വർധിപ്പിക്കാതെ അഗ്നിശമനസേനയിൽ നിന്നും എൻഒസി ലഭിക്കില്ല എന്നാണ് ഈ വിഷയത്തിൽ മസ്ജിദ് ട്രസ്റ്റ് സെക്രട്ടറി അത്തർ ഹുസൈൻ വ്യക്തമാക്കിയത്.
Discussion about this post